കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടും- റിപ്പോർട്ട്

കാർലോ ആഞ്ചലോട്ടി. ഫോട്ടോ: ഫെയ്‌സ്‌ബുക്ക്
മാഡ്രിഡ്: ഈ സീസൺ അവസാനിക്കുന്നതോടെ കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. സ്‌പാനിഷ് റേഡിയോ ഓന്ത സിറോ റേഡിയോയെ ഉദ്ധരിച്ച് കൊണ്ട് പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റായ ഫാബ്രീസിയോ റൊമാനോയാണ് ആഞ്ചലോട്ടി ക്ലബ്ല് വിട്ടേക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്ലബ്ബ് വിടാനുള്ള തീരുമാനം പരിശീലകന്റേത് തന്നെയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. 2013-15 കാലയളവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി 2021ൽ വീണ്ടും അതേ റോളിൽ ക്ലബ്ബിലെത്തുകയായിരുന്നു. തുടർന്ന് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന വാർക്കൾക്കിടെ 2023ൽ ആഞ്ചലോട്ടി ക്ലബ്ബുമായുള്ള കരാർ പുതുക്കുകയും ചെയ്തു.
റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ രണ്ട് ചാമ്പ്യൻസ് ലീഗും രണ്ട് ലീഗ് ടൈറ്റിലുമുൾപ്പെടെ നിരവധി കിരീടങ്ങൾ ഈ ഇറ്റലിക്കാരൻ നേടി. 2014ലും ലോസ് ബ്ലാങ്കോസിനോടൊപ്പം ആഞ്ചലോട്ടി ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. റയൽ മാഡ്രിഡിന്റെ കൂടെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ പരിശീലകനും കാർലോ ആഞ്ചലോട്ടിയാണ്.
സ്‌പാനിഷ് ലീഗായ ലാലിഗയിൽ 20 കളിയിൽ നിന്നും 46 പോയിന്റോടെ ഒന്നാമതാണ് റയൽ ഇപ്പോൾ. എങ്കിലും ലീഗിലും സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിലും ചിരവൈരികളായ എഫ് സി ബാഴ്‌സലോണയോടേറ്റ പരാജയം ടീമിനെ തളർത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലും അത്ര നല്ല രീതിയിലല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. പട്ടികയിൽ 20-ാം സ്ഥാനത്താണ് റയൽ.









0 comments