ലോകകപ്പ്‌ യോഗ്യതയിൽ ബ്രസീലിന്‌ ഗോളില്ലാ സമനില

ജയമില്ലാതെ ആൻസെലോട്ടിയുടെ തുടക്കം

Carlo Ancelotti brasil
avatar
Sports Desk

Published on Jun 07, 2025, 12:00 AM | 1 min read


ഗ്വയ്‌കിൽ (ഇക്വഡോർ)

ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായുള്ള കാർലോ ആൻസെലോട്ടിയുടെ തുടക്കം നിരാശയോടെ. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ ഇക്വഡോറുമായി ഗോളടിക്കാനാകാതെ പിരിഞ്ഞു. റയൽ മാഡ്രിഡിൽനിന്ന്‌ പൊന്നുംവിലയ്‌ക്ക്‌ കൂടാരത്തിലെത്തിച്ച ആൻസെലോട്ടിക്ക്‌ കീഴിലെ ആദ്യ കളിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനമല്ല ബ്രസീലിന്റേത്‌. മുൻകാല തെറ്റുകളെല്ലാം ആവർത്തിച്ചു. ഗോളിലേക്ക്‌ ഭാവനാസമ്പന്നമായ ഒറ്റ നീക്കവുമുണ്ടായില്ല. എതിരാളിയുടെ വലയിലേക്ക്‌ രണ്ട്‌ തവണമാത്രമാണ്‌ ഷോട്ടുതിർത്തത്‌. പന്ത്‌ കാലിൽവയ്‌ക്കുന്നതിലും പിന്നിലായി.


പതിനഞ്ച്‌ മത്സരം പൂർത്തിയായതോടെ 24 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌ ഇക്വഡോർ. ബ്രസീൽ (22) നാലാമത്‌ തുടർന്നു. ഉറുഗ്വേയെ രണ്ട്‌ ഗോളിന്‌ ഞെട്ടിച്ച പരാഗ്വേ (24) മൂന്നാം സ്ഥാനത്തെത്തി. ഒന്നാമതുള്ള അർജന്റീന (34) ലോകകപ്പ്‌ യോഗ്യത നേടിയതാണ്‌. ആദ്യ ആറ്‌ സ്ഥാനക്കാർക്കാണ്‌ നേരിട്ട്‌ പ്രവേശനം. മൂന്ന്‌ റൗണ്ട്‌ മത്സരങ്ങളാണ്‌ ഇനി ശേഷിക്കുന്നത്‌.


സസ്‌പെൻഷനിലുള്ള റഫീന്യ ഇല്ലാതെയാണ്‌ ബ്രസീൽ എത്തിയത്‌. പഴയ കോച്ച്‌ ഡൊറിവാൾ ജൂനിയറിന്റെ ടീമിൽനിന്നും വലിയ മാറ്റങ്ങളോടെയാണ്‌ ആൻസെലോട്ടി ആദ്യപതിനൊന്നിനെ അണിനിരത്തിയത്‌. മധ്യനിരയിൽ മുതിർന്നതാരം കാസെമിറോ തിരിച്ചെത്തി. മുന്നേറ്റത്തിൽ റിച്ചാർലിസണും ഇടംപിടിച്ചു. പ്രതിരോധത്തിൽ ഫ്രഞ്ച്‌ ക്ലബ്‌ ലില്ലെയ്‌ക്കായി കളിക്കുന്ന അലെസാഡ്രോയ്‌ക്ക്‌ അരങ്ങേറ്റം നൽകിയ കോച്ച്‌ ഇടതുവശത്ത്‌ പതിനെട്ടുകാരൻ എസ്‌തെവോയ്‌ക്കും അവസരം നൽകി. അവസാന 14 കളിയിലും സ്വന്തംതട്ടകത്തിൽ തോൽവി വഴങ്ങാത്ത ഇക്വഡോറിനെതിരെ അച്ചടക്കമുള്ള പ്രതിരോധമായിരുന്നു ബ്രസീലിന്റേത്‌. എന്നാൽ മുന്നേറ്റനിര മികവിലേക്കുയർന്നില്ല.


22–-ാം മിനിറ്റിൽ വിനീഷ്യസ്‌ ജൂനിയറിന്റെ ശ്രമം എതിർഗോളി ഗോൺസാലോ വാല്ലെ തട്ടിയകറ്റി. ഇതായിരുന്നു കളിയിൽ ബ്രസീലിന്റേതായ ഏകനിമിഷം.


11ന്‌ സ്വന്തംതട്ടകത്തിൽ പരാഗ്വേയുമായാണ്‌ ബ്രസീലിന്റെ അടുത്ത മത്സരം. ഇതിൽ ജയം അനിവാര്യമാണ്. മറിച്ചായാൽ ലോകകപ്പ് യോഗ്യത പ്രതിസന്ധിയിലാകും.



deshabhimani section

Related News

View More
0 comments
Sort by

Home