വിദേശ കോച്ച് 100 വർഷത്തിനുശേഷം
ബ്രസീലിനെ പൊന്നാക്കുമോ ആൻസെലോട്ടി


Sports Desk
Published on May 14, 2025, 12:00 AM | 2 min read
റിയോ ഡി ജനീറോ
ബ്രസീൽ ഫുട്‌ബോളിന്റെ സുവർണകാലം കാർലോ ആൻസെലൊട്ടി തിരിച്ചുകൊണ്ടുവരുമോ? ലോക ഫുട്‌ബോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പതിറ്റാണ്ടായി പേറുന്ന നിരാശ മായ്‌ക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീൽ. ആൻസെലോട്ടിയെന്ന ഇറ്റാലിയൻ വിജയപരിശീലകനെ പൊന്നുംവില നൽകി കൂടാരത്തിലെത്തിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രമാണ് ബ്രസീലിന്– ലോകകപ്പ്.
അഞ്ച് തവണ കിരീടംചൂടിയ സുവർണകാലമാണ് സ്വപ്‌നം. നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കുക. ആറാം ലോകകപ്പുയർത്തുക. അതിനായി എന്ത് നൽകാനും ലാറ്റിനമേരിക്കൻ രാജ്യം തയ്യാറാണ്. ഇതുകൊണ്ടാണ് പാരമ്പര്യങ്ങളെല്ലാം മാറ്റിവച്ച് 60 വർഷത്തിനുശേഷം ഒരു വിദേശ പരിശീലകനെ ടീം ആശ്രയിക്കുന്നത്. അതും വൻകരയ്‌ക്ക് പുറത്ത് യൂറോപ്പിൽനിന്നുള്ള ഒരാളെ. ലോക ഫുട്‌ബോളിൽ ഒരു ദേശീയ പരിശീലകന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ആൻസെലോട്ടിക്കുമുന്നിൽ വച്ചുനീട്ടിയത്.
2002ൽ അഞ്ചാം ലോകകപ്പുയർത്തിയതിനുശേഷം ബ്രസീൽ ചിത്രത്തിലില്ല. 2007ലും 2019ലും കോപ അമേരിക്ക നേടിയതുമാത്രമാണ് പ്രധാന നേട്ടം. മൂന്ന് കോൺഫെഡറേഷൻസ് കപ്പുമുണ്ട്. ലോകകപ്പുകളിൽ നിരാശമാത്രം. 2014ൽ സ്വന്തം നാട്ടിൽ സെമിയിൽ എത്തിയതാണ് മികച്ച പ്രകടനം. അന്നാകട്ടെ ജർമനിയോട് 7–-1ന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ തോൽവി വഴങ്ങി. 2018ലും 2022ലും ക്വാർട്ടറിൽ വീണു. 2002നുശേഷം ലോകകപ്പിൽ തോറ്റ് പുറത്തായതെല്ലാം യൂറോപ്യൻ ടീമുകളോടാണ്. ഇതിന് പ്രതിവിധിയായാണ് യൂറോപ്യൻകാരനായ കോച്ചിനെ തേടിയത്.
മുപ്പത് വർഷമായി പരിശീലകരംഗത്തുള്ള ആൻസെലോട്ടിക്കായി രണ്ട് വർഷമായി ബ്രസീൽ ശ്രമിക്കുന്നുണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് നേടി. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലും കിരീടങ്ങൾ കൊയ്‌തു. സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽനിന്നാണ് മുൻ മധ്യനിരക്കാരന്റെ വരവ്. ബ്രസീൽ താരങ്ങളുമായുള്ള അടുത്ത ആത്മബന്ധവും മുതൽക്കൂട്ടാകും.
ഇടക്കാലത്ത് ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട മധ്യനിരക്കാരൻ കാസെമിറോ ആൻസെലോട്ടിയുടെ വരവോടെ തിരിച്ചെത്തും. പരിക്കുകാരണം പുറത്തിരിക്കുന്ന സൂപ്പർതാരം നെയ്‌മറിനും പരിശീലകന്റെ പദ്ധതികളിൽ പ്രധാന സ്ഥാനമുണ്ടെന്നാണ് വിവരം.
25ന് സ്‌പാനിഷ് ലീഗ് കഴിഞ്ഞതിനുപിന്നാലെ 26ന് ചുമതലയേൽക്കും. അന്നുതന്നെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കും. ജൂൺ അഞ്ചിന് ഇക്വഡോറുമായും 11ന് പരാഗ്വേയുമായുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.
വിദേശ കോച്ച് 100 വർഷത്തിനുശേഷം
വിദേശ കോച്ചിനുകീഴിൽ 100 വർഷത്തിനുശേഷമാണ് ബ്രസീൽ ഔദ്യോഗിക മത്സരത്തിനിറങ്ങുന്നത്. ടീമിന്റെ ചരിത്രത്തിൽ ഇതുവരെ 85 പരിശീലകരുണ്ടായി. അതിൽ നാലുപേർമാത്രമാണ് വിദേശികൾ. മറ്റെല്ലാം ബ്രസീലുകാർ. അഞ്ച് ലോകകപ്പ് നേട്ടവും സ്വന്തം കോച്ചുമാർക്കുകീഴിലായിരുന്നു. ഉറുഗ്വേക്കാരനായ റാമോൺ പ്ലറ്റെറോയാണ് കാനറികളുടെ ആദ്യ വിദേശ കോച്ച്. 1925ൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ റാമോണിനുകീഴിൽ ടീം കളിച്ചു. പിന്നീട് വന്ന രണ്ട് പരിശീലകരും ഔദ്യോഗിക മത്സരങ്ങളിൽ ചുമതല വഹിച്ചില്ല. 1944ൽ പോർച്ചുഗീസുകാരനായ ജൊറെക രണ്ട് കളിയിലും 1965ൽ അർജന്റീനയുടെ ഫിലിപോ നൂനെസ് ഒരു കളിയിലും തന്ത്രമോതി. എല്ലാം സൗഹൃദ മത്സരമായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷമാണ് ആൻസെലോട്ടി ചരിത്രം തിരുത്താനെത്തുന്നത്.









0 comments