ആൻസെലോട്ടി ബ്രസീലിലേക്ക്‌, അലോൺസോ 
റയൽ മാഡ്രിഡിൽ

Carlo Ancelotti
avatar
Sports Desk

Published on Apr 21, 2025, 12:03 AM | 1 min read


മാഡ്രിഡ്‌ : റയൽ മാഡ്രിഡ്‌ വിട്ട്‌ കാർലോ ആൻസെലോട്ടി ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. റയലിന്റെ കോച്ചായി മുൻ താരം സാബി അലോൺസോയും എത്തും. ജൂണിൽ ഇരുവരും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. റയലിൽ ആൻസെലോട്ടിക്ക്‌ അടുത്ത വർഷംവരെ കരാറുണ്ട്‌. എന്നാൽ, ഈ സീസണിലെ മങ്ങിയ പ്രകടനം തിരിച്ചടിയായി. ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ അഴ്‌സണലിനോട്‌ വലിയ തോൽവി വഴങ്ങി പുറത്തായതോടെ ഇറ്റാലിയൻ പരിശീലകനുമായി വേർപിരിയാൻ റയൽ തീരുമാനിച്ചു.

ജർമൻ ക്ലബ്‌ ബയേർ ലെവർകൂസന്റെ പരിശീലകനായ അലോൺസോ പകരക്കാരനാകും.


ആൻസെലോട്ടിക്കായി ബ്രസീൽ ഏറെ നാളായി പിറകെയുണ്ട്‌. കഴിഞ്ഞവർഷം ഏകദേശ ധാരണയിൽ എത്തിയതായിരുന്നു. എന്നാൽ, റയൽ വിട്ടില്ല. കഴിഞ്ഞമാസം മുഖ്യ കോച്ച്‌ ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയിരുന്നു. ഇതോടെ ആൻസെലോട്ടിക്കായി വീണ്ടും ശ്രമം നടത്തി. പുതിയ സാഹചര്യത്തിൽ റയലിനും അറുപത്തഞ്ചുകാരനെ നിലനിർത്താൻ താൽപ്പര്യമില്ല. ജൂണിൽ നടക്കുന്ന ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾക്കുമുമ്പ്‌ ആൻസെലോട്ടി കാനറികളുടെ ചുമതലയേറ്റെടുക്കും.


രണ്ടുതവണ റയലിന്റെ ചുമതലവഹിച്ച ഇറ്റലിക്കാരൻ 15 ട്രോഫികൾ സമ്മാനിച്ചു. 2021 മുതലുള്ള പുതിയ കാലയളവിൽ രണ്ട്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ 11 കിരീടങ്ങൾ നേടി.

ഫിഫ ക്ലബ്‌ ലോകകപ്പിന്‌ മുമ്പായാണ്‌ അലോൺസോ റയലിൽ എത്തുക. കഴിഞ്ഞ സീസണിൽ ലെവർകൂസനെ ജർമൻ ചാമ്പ്യൻമാരാക്കിയ സ്‌പാനിഷുകാരൻ അഞ്ചുവർഷം റയലിനായി കളിച്ചിരുന്നു. ക്ലബ്ബിന്റെ അണ്ടർ 14 ടീം കോച്ചുമായി.



deshabhimani section

Related News

View More
0 comments
Sort by

Home