ad
Deshabhimani

print edition കാനഡ കഥ തുടരും

Canada.jpg

സ്‌റ്റീഫൻ 
എസ്‌റ്റാക്വിയോ

വെബ് ഡെസ്ക്

Published on Jun 30, 2026, 02:41 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌: കാനഡ ആഘോഷത്തിലാണ്‌. ലോകകപ്പ്‌ -ഫുട്‌ബോളിൽ ആദ്യമായി പ്രീ ക്വാർട്ടറിലെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ രാജ്യം. മുന്പ്‌ രണ്ട്‌ തവണ യോഗ്യത നേടിയപ്പോൾ കളിച്ച ആറ്‌ കളിയിലും തോൽവിയായിരുന്നു. ഇക്കുറി ആതിഥേയരായി വീണ്ടുമെത്തി. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഖത്തറിനെ ആറ്‌ ഗോളിന്‌ തോൽപ്പിച്ചതോടെ നോക്ക‍ൗട്ട്‌ ഉറപ്പായി.


റ‍ൗണ്ട്‌ ഓഫ്‌ 32ൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധപ്പൂട്ട്‌ പൊളിച്ച്‌ നേടിയ ഒറ്റ ഗോൾ ജയം കനേഡിയൻ ഫുട്‌ബോളിലെ സുവർണ അധ്യായമായി മാറി.

പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റിൽ സ്‌റ്റീഫൻ എസ്‌റ്റാക്വിയോയുടെ നിലംപറ്റിയുള്ള ഷോട്ട്‌ ആഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്നപ്പോൾ ലൊസ്‌ ആഞ്ചലസ്‌ സ്‌റ്റേഡിയം ആരവത്തിൽ മുങ്ങി. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്ക തല ഉയർത്തി മടങ്ങി.


പ്രതീക്ഷിച്ച ആവേശം നോക്ക‍ൗട്ടിലെ ആദ്യ പോരിനുണ്ടായില്ല. ദക്ഷിണാഫ്രിക്ക പരമാവധി പിൻവലിഞ്ഞുനിന്നു. ഗോളടിക്കാനുള്ള ആഗ്രഹം അവർക്കുണ്ടായില്ല. മറുവശത്ത്‌, ജെസെ മാർഷിന്റെ കാനഡ മുന്നേറ്റങ്ങൾ നടത്തി. പക്ഷേ, ആഫ്രിക്കയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല.


മൊയ്‌സെ ബോംബീറ്റോയുടെ ഹെഡ്ഡർ ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ ദക്ഷിണാ-്രഫിക്കൻ പ്രതിരോധക്കാരൻ ഒബെറി മൊദീബ തട്ടിയകറ്റുകയായിരുന്നു. ഇതിനിടെ റിച്ചി ലാറിയയെ ബോക്‌സിൽവച്ച്‌ കുലീസോ മുഡാവു വീഴ്‌ത്തിയതിന്‌ കാനഡ പെനൽറ്റിക്ക്‌ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ജൊനാതൻ ഡേവിഡിനെ എംബെകെസെലി തടഞ്ഞു.


ക്യാപ്‌റ്റൻ അൽഫോൺസ്‌ ഡേവിയെസിന്റെ വരവാണ്‌ കാനഡയുടെ നീക്കങ്ങൾക്ക്‌ കൃത്യത നൽകിയത്‌. പരിക്കുകാരണം ഗ്രൂപ്പ്‌ ഘട്ടത്തിൽ ക്യാപ്‌റ്റന്‌ ഇറങ്ങാനായിരുന്നില്ല. നോക്ക‍ൗട്ടിൽ അവസാന ഘട്ടത്തിലാണ്‌ കളത്തിലെത്തിയത്‌. ഡേവിയെസിന്റെ ബോക്‌സിലേക്കുള്ള ക്രോസുകൾ ലക്ഷ്യത്തിലെത്തിക്കാൻ ജൊനാതൻ ഡേവിഡിനും പ്രോമിസ്‌ ഡേവിഡിനും കഴിഞ്ഞില്ല. ഏഴ്‌ തവണയാണ്‌ കാനഡ ഷോട്ട്‌ പായിച്ചത്‌. അഞ്ച്‌ തവണ ഗോൾകീപ്പർ വില്യംസ്‌ തടഞ്ഞു.


കളി അധികസമയത്ത്‌ നീങ്ങുന്നതിനിടെയാണ്‌ കാനഡ ജയം പിടിക്കുന്നത്‌. അലിസ്‌റ്റയർ ജോൺസ്‌റ്റന്റെ ലോങ്‌ റേഞ്ചർ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്ത്‌ ബോക്‌സിന്‌ പുറത്തുള്ള എസ്‌റ്റാക്വിയോക്ക്‌ കിട്ടി. നെഞ്ചിലേറ്റ്‌ വാങ്ങിയ പന്ത്‌ വലംകാൽകൊണ്ട്‌ എസ്‌റ്റാക്വിയോ തൊടുത്തു.


ഗ്രൂപ്പ്‌ ‘എ’യിലെ അവസാന കളിയിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ്‌ ദക്ഷിണാഫ്രിക്ക ആദ്യമായി നോക്ക‍ൗട്ടിൽ കടന്നത്‌. കാനഡയ്‌ക്കെതിരെ അവസാന നിമിഷംവരെ പൊരുതിയതിന്റെ വീര്യവുമായാണ്‌ മടക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home