print edition കാൽവിൻ...


അജിൻ ജി രാജ്
Published on Nov 03, 2026, 12:00 AM | 1 min read
കോഴിക്കോട്: എറണാകുളം ചെല്ലാനത്തുനിന്നുള്ള ഒരു പതിനെട്ടുകാരൻ കേരള ഫുട്‌ബോളിൽ പൊൻചാകര തേടുന്നു. കാൽവിൻ തോമസ്. വല നിറയെ ഗോൾനിറച്ച് സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിക്കായി കാൽവിൻ അത്ഭുതങ്ങൾ കാട്ടുകയാണ്. മലപ്പുറം എഫ്‌സിക്കെതിരായ മിന്നുന്ന ഗോളിൽ കണ്ടു മികവിന്റെ മുദ്ര. സീസണിൽ ആറ് മത്സരങ്ങളിൽ ഒരു ഗോളും രണ്ട് അവസരവുമൊരുക്കി. കന്നിഗോളിൽതന്നെ കാൽവിൻ മനംകവർന്നു. ഗോൾ ഒരുക്കാനും തടയാനും ഒരുപോലെ മിടുക്കുണ്ട് കൗമാരക്കാരന്.
ചെല്ലാനത്തെ മത്സ്യത്തൊഴിലാളിയായ പുന്നക്കൽ വീട്ടിലെ പി ടി ജോർജ് മക്കൾക്ക് തുഴയ്‌ക്ക് പകരം നൽകിയത് പന്തായിരുന്നു. കാൽവിനും ചേട്ടൻ അഖിഷ് സിറിലും കടപ്പുറത്ത് പന്ത് തട്ടി. ചെല്ലാനത്തെ ആ കളിത്തട്ടിൽ മക്കൾക്ക് കളിക്കാൻ പരിമതികളുണ്ടെന്ന് ജോർജ് മനസിലാക്കി. പുതിയ ഇടങ്ങൾ തേടി. ഭാര്യ വിരോണി ജോമോളും പിന്തുണയായി ഒപ്പംനിന്നു. നഗരത്തിലെ സ്‌കോർലൈൻ അക്കാദമിയിൽ ഇരുവരെയും ചേർത്തു. സ്‌കോർലൈനിൽനിന്ന് മുത്തൂറ്റ് അക്കാദമിയിലേക്ക്. പ്രതിരോധക്കാരനായ അഖിഷ് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീമിലും തുടർന്ന് ഇന്ത്യൻ എയർഫോഴ്‌സിലുമെത്തി. കാൽവിൻ 17–ാം വയസിൽ റിയൽ മലബാറിനായി കെപിഎൽ കളിച്ചു. ഇൗ വർഷമാദ്യം ഛത്തീസ്‌ഗഢിൽ നടന്ന ദേശീയ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ ചാമ്പ്യൻമാരാക്കി. മുപ്പത് വർഷത്തിനുശേഷമായിരുന്നു ഇൗ നേട്ടം. ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി. വിങ്ങറായാണ് അന്നുകളിച്ചത്.
സൂപ്പർ ലീഗിൽ കാലിക്കറ്റിന്റെ എല്ലാ മത്സരത്തിലും ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. അർജന്റീനക്കാരനായ പരിശീലകൻ എവെർ ഡെമാൽഡോ മധ്യനിരയിലാണ് പ്രധാനമായും കളിപ്പിക്കുന്നത്. ഒപ്പം ഇരുവശങ്ങളിലേക്കും മാറ്റും. പ്രായത്തെ വെല്ലുന്ന മികവാണ്.
‘ഏതൊരു കോച്ചും ആഗ്രഹിക്കുന്ന കളിക്കാരനാണ് കാൽവിൻ. ആത്മവിശ്വാസം, സമർപ്പണം, ധൈര്യം, സാങ്കേതിക മികവ് ഇതെല്ലാം മതിയാവോളമുണ്ട്. ഇത് തുടർന്നാൽ നല്ല ഭാവിയുണ്ട്. നാളെയുടെ താരമാകുമെന്ന കാര്യത്തിൽ സംശയമില്ല’–കാലിക്കറ്റിന്റെ സഹപരിശീലകൻ ബിബി തോമസ് സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം കിരീടം തേടുന്ന കാലിക്കറ്റിന്റെ പദ്ധതികളിൽ നിർണായകസ്ഥാനമാണ് ഇൗ മധ്യനിരക്കാരന്. ലീഗിന് പിന്നാലെ ജനുവരിയിൽ സന്തോഷ് ട്രോഫിയുമുണ്ട്. കോതമംഗലം എം എ കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.









0 comments