print edition പൊലീസ് സ്റ്റേഷനിലും മൊബൈൽ കടയിലും അക്രമം; യൂത്ത് കോൺഗ്രസ് നേതാവും കാപ്പക്കേസ് പ്രതികളും അറസ്‌റ്റിൽ

ചങ്ങനാശേരി : നഗരത്തിലെ പൊലീസ് സ്റ്റേഷനിലും ബാറിലും അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവും കാപ്പക്കേസ് പ്രതികളുമടക്കം മൂന്നുപേർ അറസ്‌റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ ചെത്തിപ്പുഴ കാഞ്ഞിരത്തുവീട്ടിൽ സാജു ജോജോ (32), കുറിച്ചി വടക്കേക്കുറ്റ് വീട്ടിൽ മിഥുൻ തോമസ് (38), ചങ്ങനാശേരി ബാറിലെ അഭിഭാഷകനും യൂത്ത് കോൺഗ്രസ് നേതാവുമായ പുത്തൻവീട്ടിൽ ജുബിൻ ജോൺസൻ (33) എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി നഗരത്തിലെ ബാറിൽനിന്ന് മദ്യപിച്ച സംഘം ബാറിലും തുടർന്ന് നഗരത്തിലെ മൊബൈൽ ഷോപ്പിലും അക്രമം നടത്തി. മൊബൈൽ ഷോപ്പ് ജീവനക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. കടയിലെ സാധനസാമഗ്രികളും വില കൂടിയ ഫോണുകളും അടിച്ചുതകർത്തു. സംഘത്തെ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ അജിത് കുമാർ, സിപിഒ റിജോമോൻ എന്നിവരെയും പ്രതികൾ ആക്രമിച്ചു. കൂടുതൽ പൊലീസെത്തി പ്രതികളെ ബലമായി കീഴടക്കി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ പ്രതികൾ അവിടെയും അക്രമം തുടർന്നു.
കോൺഗ്രസ് നേതാവായ ജൂബിന്റെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടം. മദ്യപിച്ച് ലക്കുകെട്ട ജൂബിൻ സ്‌റ്റേഷൻ മുറ്റത്തുവച്ച് മുൻമുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിക്കുകയും പൊലീസുകാരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മറ്റ് പ്രവർത്തകർ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പൊലീസ് ഇടപെട്ടില്ല. പ്രതികൾ, കേസ് ഫയലുകൾ നശിപ്പിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. എസ്ഐ റെയ്‌നോൾഡ്, സിപിഒ ദിലീപ് ചെല്ലം എന്നിർക്ക് ആക്രമത്തിൽ ഗുരുതര പരിക്കേറ്റു. ഒരു മാസം മുൻപ് മൊബൈൽ ഷോപ്പിലെത്തി ജീവനക്കാർക്കുനേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഇതേ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30-ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ് എന്നിവർ കാപ്പ കേസിലും പ്രതികളാണ്.









0 comments