മെഡിക്കൽ കോളേജിൽ നഴ്‌സുമാരില്ല

ഗാന്ധിനഗർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സിങ് ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം രോഗീപരിചരണത്തെയും ആശുപത്രി പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. നിലവിലുള്ള നഴ്‌സിങ് ജീവനക്കാർ അമിത ജോലിഭാരത്താൽ വലയുകയാണ്. ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി ആകെ 1, 031 ജീവനക്കാരുണ്ട്. ഇതിൽ ഗ്രേഡ്-1, ഗ്രേഡ്- 2 വിഭാഗങ്ങളിലായി 440 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോഴും അതിനനുസരിച്ചുള്ള നഴ്‌സിങ് ജീവനക്കാരെ ലഭ്യമാക്കുന്നില്ല. ജീവനക്കാരുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽ പലതവണ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല. പലർക്കും കരാർ പുതുക്കി നൽകാതായതോടെ ജോലി നഷ്‌ടമായി. 96 പേരുണ്ടായിരുന്ന പെയ്ഡ് ട്രെയിനീസ് വിഭാഗത്തിൽ 44 പേരെ പിരിച്ചുവിട്ടു. പഠനത്തിന്റെ ഭാഗമായുള്ള ഒരു വർഷത്തെ നിർബന്ധിത സർവീസ് നടത്തുന്ന 86 നേഴ്‌സിങ് ജീവനക്കാരും ആർഎസ്ബിവൈ വിഭാഗത്തിലെ നാലും ഇൻഫെർട്ടിലിറ്റി വിഭാഗത്തിലെ ഏഴുപേരും നിർദിഷ്ട പദ്ധതി ആവശ്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി എത്തുന്ന 78 വളന്ററി ജീവനക്കാരെ ആകെ ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് സ്വതന്ത്രമായി രോഗീപരിചരണ ചുമതല നൽകാൻ കഴിയില്ല. അതിനാൽ മൊത്തം ജീവനക്കാരുടെ എണ്ണം മാത്രം മുൻനിർത്തി ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് വിലയിരുത്തുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മിക്ക വാർഡുകളിലു മിനിമം സ്റ്റാഫിങ് രീതിയിലാണ് ഡ്യൂട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു വാർഡിൽ ഒരാളുടെ അഭാവമുണ്ടായാൽ പകരം സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ അധിക ജോലിഭാരം ഏറ്റെടുക്കേണ്ടി വരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജീവനക്കാരുടെ ക്ഷാമമുണ്ടായാൽ കരാർ അടിസ്ഥാനത്തിൽ കൃത്യമായി നിയമിച്ചിരുന്നു. രക്തസാമ്പിൾ ശേഖരണത്തിന്റെ ഉത്തരവാദിത്വംകൂടി നഴ്‌സുമാരിൽ അടിച്ചേൽപ്പിക്കുന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയയോടെ കൂടുതൽ പ്രതിസന്ധിയിലാണ് ജീവനക്കാർ.








0 comments