പതയുന്നു ലഹരി എരിഞ്ഞുതീരുന്നത് ജീവിതങ്ങൾ

കാനത്തൂർ മലയോരത്ത് വ്യാജമദ്യ വിൽപനയും ഉപയോഗവും യഥേഷ്‌ടം തുടരുന്പോഴും കണ്ണടച്ച് അധികൃതർ. വ്യാജ മദ്യത്തിന്റെ വലയിൽപെട്ട് നിരവധി പേരുടെ ജീവിതമാണ് ദിവസേന എരിഞ്ഞുതീരുന്നത്. വ്യാജമദ്യ ലോബിയും ചില എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി കാരണം കാനത്തൂരും പരിസരവും വ്യാജ മദ്യ മാഫിയയുടെ തുറന്ന വിപണിയായി. സാധാരണക്കാരായ കർഷകത്തൊഴിലാളികളുടെ അധ്വാനഫലം ഊറ്റിക്കുടിക്കുന്ന വൻ റാക്കറ്റിനെതിരെ നാട്ടുകാർ നൽകുന്ന രഹസ്യപരാതികൾപോലും ആദ്യം ചെന്നെത്തുന്നത് വ്യാജമദ്യ ലോബിയുടെ കൈകളിലാണ്. രണ്ട് മാസം മുന്പ് കാനത്തൂർ പയർപള്ളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് സ്വകാര്യ ബസിൽ കയറിയ യുവതി ബോവിക്കാനത്ത് ടൗണിൽ ഇറങ്ങുമ്പോൾ കുഴഞ്ഞുവീണ സംഭവം മേഖലയിലെ ലഹരി വ്യാപനത്തിന്റെ ഭീകരത തുറന്നുകാട്ടുന്നു. യാത്രക്കാർ രക്ഷാപ്രവർത്തനത്തിനെത്തിയപ്പോഴാണ് യുവതിയുടെ ഹാൻഡ് ബാഗിൽ നിന്ന് വ്യാജമദ്യക്കുപ്പി താഴെ വീണത്. യുവതി അമിതമായി മദ്യം ഉള്ളിൽച്ചെന്ന് ബോധം നഷ്ടപ്പെട്ടതാണെന്ന് വ്യക്തമായതോടെ നാട്ടുകാർ നടുങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല; ലഹരിയെന്ന നീരാളി സ്ത്രീകളിലേക്കും വിദ്യാർഥികളിലേക്കും പടർന്നുകയറുന്നതിന്റെ നേർചിത്രമാണ്. 2021 ജനുവരിയിൽ കാനത്തൂർ വടക്കേക്കരയിൽ ഒരു കുടുംബത്തെയാകെ ഇല്ലാതാക്കിയ കൊലപാതകവും ആത്മഹത്യയും നാടിന്റെ നോവാണ്. കള്ളത്തോക്ക് സംഘങ്ങളും വ്യാജമദ്യ മാഫിയയുംചേർന്ന് തകർത്ത ജീവിതങ്ങളുടെ എണ്ണം ഇവിടെ നാൾക്കുനാൾ കൂടുന്നു. പയർപള്ളം, പുളിരടി, കാനത്തൂർ ടൗൺ എന്നിവിടങ്ങളിൽ രാപകൽ ഭേദമില്ലാതെ വ്യാജമദ്യം പതഞ്ഞൊഴുകുന്നു. മദ്യത്തിന്റെ അമിത ഉപയോഗം കാരണം കരൾരോഗം ബാധിച്ച് മരിക്കുന്ന യുവാക്കളുടെയും തൊഴിലാളികളുടെയും എണ്ണം പെരുകുന്നു. കർഷകത്തൊഴിലാളികൾ കുടുംബം പുലർത്താൻ അധ്വാനിക്കുന്ന പണം മുഴുവൻ വ്യാജമദ്യ കേന്ദ്രങ്ങളിലേക്കാണ് ഒഴുകുന്നത്. ഇതൊക്കെ നടക്കുമ്പോഴും എക്സൈസ് വകുപ്പ് നോക്കുകുത്തിയാണ്. പരിശോധന വിവരങ്ങൾ വ്യാജന്മാർക്ക് ചോർത്തിക്കൊടുത്ത് പ്രഹസന പരിശോധനകൾ നടത്തുകയാണ് പതിവ്. ചില്ലറ വിൽപ്പനക്കാരെ പിടികൂടി വലിയ നേട്ടമായി അവതരിപ്പിക്കുന്ന അധികൃതർ, പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻമാരിലേക്ക് ഒരിക്കലും എത്താറില്ല. (തുടരും)








0 comments