print edition വകുപ്പുകള്‍ പിടിച്ചടക്കി മുഖ്യമന്ത്രി; കൊള്ളയ്ക്കായി കേന്ദ്രീകരണം


സി കെ ദിനേശ്
Published on Nov 04, 2026, 03:00 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിൽനിന്നുള്ള ഇടപെടലിൽ ഐഎഎസുകാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത് അധികാരത്തിന്റെയും അഴിമതിയുടെയും കേന്ദ്രീകരണം ലക്ഷ്യമിട്ട്. ഒരു മന്ത്രിയുടെ കീഴിലെ വകുപ്പുകൾക്കെല്ലാംകൂടി ഒരു സെക്രട്ടറി എന്ന പ്രഖ്യാപനം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സ്ഥലംമാറ്റത്തിന് ഉപദേശക ബോർഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും അട്ടിമറിച്ചു.
പൊതുഭരണ വകുപ്പും ധനകാര്യവും എസ്റ്റാബ്ലിഷ്മെന്റും നിയമവും കൈയിലുള്ള മുഖ്യമന്ത്രി തീരുമാനിക്കുന്നതിനപ്പുറത്ത് ഒരു വകുപ്പിലും ഒന്നും നടക്കാത്ത അവസ്ഥയാണ്. വൻ അഴിമതിക്കുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സെക്രട്ടറിയറ്റിലെ കോൺഗ്രസ്, ലീഗ് സംഘടനകൾ കൂടിയാലോചിച്ചാണ് 32 ഐഎഎസുകാരെ മാറ്റിയത്. വഴങ്ങുന്നവരെന്നും അല്ലാത്തവരെന്നും ഉദ്യോഗസ്ഥരെ തരംതിരിച്ചിട്ടുണ്ട്. സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് അഴിമതി ഡീലുകൾ പുറത്തുവരുന്നത്.
കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത് അഴിമതിക്കരാറിന് കൂട്ടുനിൽക്കാത്തതിനാലാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ ഏജന്റായ ഇടപാടിലൂടെ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സമ്മർദമുണ്ടായിരുന്നു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ഫയലുകൾ പിടിച്ചുവയ്ക്കുന്നുവെന്ന് മന്ത്രി മുരളീധരൻ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, വകുപ്പിലെ സംശയകരമായ നീക്കങ്ങളെയാണ് ഉദ്യോഗസ്ഥർ എതിർത്തത്. ചികിത്സാ കൊള്ളയ്ക്ക് സർക്കാർ ആശുപത്രികളെ വിട്ടുകൊടുക്കുന്ന ടാസ്ക് ഫോഴ്സ് അടക്കമുള്ള തീരുമാനങ്ങൾ വിവാദത്തിലുമാണ്. ഗതാഗത സെക്രട്ടറി ടി വി അനുപമയെ മാറ്റിയതും സ്ഥലംമാറ്റമുള്‍പ്പെടെ വകുപ്പിലെ അഴിമതിക്കും കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരം സെക്രട്ടറിയില്ല. കമീഷണർ സീറാം സാംബശിവ റാവുവിനെവച്ചാണ് മുഖ്യമന്ത്രി എക്സൈസ് വകുപ്പ് നിയന്ത്രിക്കുന്നത്. കില ഡയറക്ടര്‍ നിയമനത്തെച്ചൊല്ലിയും മുഖ്യമന്ത്രിയും മന്ത്രി കെ എം ഷാജിയും തമ്മില്‍ ഭിന്നതയുണ്ട്.








0 comments