Deshabhimani

കക്കാട്ട് സ്കൂൾ സ്റ്റേഡിയം നിർമാണം: പ്രാരംഭ നടപടികൾ ആരംഭിച്ചു

കക്കാട്ട് സ്കൂളിൽ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Nov 04, 2026, 03:00 AM | 1 min read

മടിക്കൈ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ച കക്കാട്ട് സ്കൂൾ സ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. ഇതോടെ ദേശീയ വനിതാ ഫുട്ബോൾ താരം ബങ്കളത്തെ മാളവികയ്ക്ക് അന്ന്‌ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നൽകിയ വാക്ക് യാഥാർഥ്യമാവുകയാണ്‌. സ്‌റ്റേഡിയം വേണമെന്ന ആവശ്യവുമായി മാളവിക പിണറായി വിജയന്‌ നിവേദനം നൽകിയിരുന്നു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഗോവിന്ദൻ കീലത്ത്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ വി മനോജ് കുമാർ, അസി. എൻജിനീയർ ബെന്നി ജോസഫ്, എസ്എംസി ചെയർമാൻ പി കെ സുരേശൻ, പിടിഎ വൈസ് പ്രസിഡന്റ്‌ വി വിനോദ്, എൻ ബാലകൃഷ്ണൻ, കെ പ്രഭാകരൻ, കെ വി രാമചന്ദ്രൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു. സ്റ്റേഡിയം പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണവും സിന്തറ്റിക് ട്രാക്കിന്റെ നിർമാണവുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും മികച്ച കായിക പരിശീലന സൗകര്യങ്ങൾ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home