ചരക്കുലോറികളുടെ അനധികൃത പാർക്കിങ് ദേശീയപാത കുരുതിക്കളമാവുന്നു

നീലേശ്വരം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ചരക്കുലോറികളുടെയും ട്രക്കുകളുടെയും അനധികൃത പാർക്കിങ് കവർന്നെടുക്കുന്നത് ചെറുവാഹനങ്ങളിലെ യാത്രക്കാരുടെ ജീവൻ. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിങ്കൾ രാത്രി പന്നക്കാട് നടന്ന അപകടം. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (21), ആനന്ദകൃഷ്‌ണൻ (24) എന്നിവരുടെ ജീവനാണ് ബൈക്കപകടത്തിൽ പൊലിഞ്ഞത്. നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. 2025 ഫെബ്രുവരി 8ന് രാത്രി പടന്നക്കാട് മേൽപാലത്തിന് മുകളിൽ നടന്ന അപകടത്തിൽ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിക്, മീനാപ്പിസിൽ താമസിക്കുന്ന തൻവീർ എന്നിവർ മരിച്ചതും ബൈക്ക് ലോറികൾക്കിടയിൽപ്പെട്ടാണ്. 2026 ആഗസ്ത് 18നാണ് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് നീലേശ്വരം തൈക്കടപ്പുറം സ്വദേശി കണിച്ചിറ താഴെക്കാവിന് സമീപത്തെ ഹരീഷ്(49) മരിച്ചത്. ദേശീയപാതയിലെ ഐങ്ങോത്ത് പെട്രോൾ പമ്പിന് മുൻവശം വച്ചാണ് അപകടം. ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തുന്ന ഹരീഷ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മഞ്ചേശ്വരത്ത് ഊരാളുങ്കൽ സൊസൈറ്റിയുടെ രണ്ട് ജീവനക്കാർ ലോറിയിടിച്ച് മരണപ്പെട്ടത്. പണി കഴിഞ്ഞ് കമ്പനി വാഹനത്തിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു അപകടം. ഇതിനകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. രാത്രിയിലടക്കം പാതയോരങ്ങളിലും നിർമാണത്തിലിരിക്കുന്ന റോഡിന്റെ വശങ്ങളിലുമായി സർവീസ് റോഡുകളുൾപ്പെടെ കയ്യേറി വലിയ ചരക്കുവാഹനങ്ങൾ നിർത്തിയിടുന്നത് പതിവായതോടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. വെളിച്ചക്കുറവും റിഫ്ലക്ടറുകൾ ഇല്ലാത്തതും കാരണം മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ വാഹനങ്ങൾ കാണാൻ സാധിക്കാതെ കാറുകളും ഇരുചക്രവാഹനങ്ങളും ചെന്ന് ഇടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. പരാതികൾ വ്യാപകമായിട്ടും മോട്ടോർ വാഹനവകുപ്പോ, പൊലീസോ കർശന നടപടിയെടുക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ദേശീയപാത വികസനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഡിവൈഡറുകളും മുന്നറിയിപ്പ് ബോർഡുകളും ശാസ്ത്രീയമായ വെളിച്ചസംവിധാനങ്ങളും ഇനിയും പൂർണമായി സ്ഥാപിച്ചിട്ടുമില്ല.








0 comments