Deshabhimani

print edition ആക്രമണത്തിന്‌ കോപ്പുകൂട്ടാൻ പൊലീസും കൂട്ടുനിന്നു

Kerala Police
avatar
ആർ രാജേഷ്‌

Published on Nov 04, 2026, 02:19 AM | 1 min read

പത്തനംതിട്ട : അടൂർ പൊലീസ്‌ സ്‌റ്റേഷനിൽ കയറി കസ്‌റ്റഡിയിലുള്ളയാളെ യൂത്ത്‌ കോൺഗ്രസുകാർക്ക്‌ ആക്രമിക്കാൻ വഴിയൊരുക്കിയതും പൊലീസ്‌. യുട്യൂബർ രാജൻ ജോസഫിനെ ജൂലൈ 11ന്‌ വൈകിട്ട്‌ എറണാകുളത്തുനിന്ന്‌ കസ്‌റ്റഡിയിലെടുത്തപ്പോൾ മുതൽ വിവരങ്ങൾ തത്സമയമാണ്‌ പൊലീസിൽനിന്ന്‌ യൂത്ത്‌ കോൺഗ്രസുകാർക്ക് ചോർത്തിക്കിട്ടിയത്‌. രാത്രിയോടെ രാജൻ ജോസഫുമായി പൊലീസ്‌ സംഘമെത്തുന്പോൾ സ്‌റ്റേഷനും പരിസരവും അക്രമികളുടെ കൈകളിലായിരുന്നു. സംഘർഷ സാധ്യത മനസിലാക്കി കൂടുതൽ പൊലീസിനെ വിന്യസിക്കാനോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ എസ്‌എച്ച്‌ഒ ഉൾപ്പെടെയുള്ളവർ തയ്യാറായില്ലെന്നത്‌ ഗൂഢാലോചനയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.


പൊലീസിന്റെ കൃത്യവിലോപത്തിന്‌ പിന്നിൽ കോൺഗ്രസ്‌ നേതൃത്വത്തിന്റെ ശക്തമായ സമ്മർദമായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ അക്രമത്തിന്‌ നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ഫെനി നൈനാനെയും അറിയില്ലെന്ന നിലപാട്‌ പൊലീസിന്റെ ഇരട്ടത്താപ്പാണ്‌ വ്യക്തമാക്കിയത്‌. ശ്രീനാദേവിയെ ലോക്കപ്പിനു മുന്നിൽ എത്തിച്ചത്‌ സംഘർഷത്തിന്‌ അയവുവരുത്താനാണെന്നാണ്‌ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നശേഷമുള്ള പൊലീസിന്റെ മലക്കംമറിച്ചിൽ.


അതിനിടെ പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി, ഡിജിപി റവാഡ ചന്ദ്രശേഖരന്‌ നൽകിയ അന്വേഷണ റിപ്പോർട്ട്‌ തള്ളി. ശ്രീനാദേവി ഒരുമിനിറ്റു മാത്രമാണ്‌ ലോക്കപ്പിനു മുന്നിലുണ്ടായിരുന്നതെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നതും അടക്കം വിശദീകരിച്ചായിരുന്നു ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ രണ്ട്‌ ദിവസം മുമ്പ്‌ റിപ്പോർട്ട്‌ നൽകിയത്‌. ആഭ്യന്തരമന്ത്രി ഉൾപ്പെടെ കണ്ട റിപ്പോർട്ട്‌ മാധ്യമങ്ങളിലെ വാർത്തകളും കോലാഹലങ്ങളും കണക്കിലെടുത്ത്‌ മുഖ്യമന്ത്രി ഇടപെട്ട്‌ മടക്കി അയച്ചതെന്നാണ്‌ വിവരം. വിശദമായ റിപ്പോർട്ട്‌ വേഗത്തിൽ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home