പാതിരാമണലിൽ ജലസൈക്കിളും കയാക്കിങ്ങും

കായിപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ വാട്ടർ സൈക്കിൾ യാത്ര ഉദ്ഘാടനംചെയ്യുന്നു
കെ എസ് ലാലിച്ചൻ
മുഹമ്മ
ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണൽ ദ്വീപിന് മനോഹാരിതയേറും. വേമ്പനാട് കായലിന്റെ ഓളപരപ്പിലൂടെ ദ്വീപിലെത്തിയാൽ ജലസാഹസിക വിനോദങ്ങൾ ആസ്വദിക്കാനാകും വിധമാണ് പുതിയ പദ്ധതികൾ. കയാക്കിങ്, വാട്ടർ സൈക്കിൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. പാതിരാമണൽഫെസ്റ്റിന് മുന്നോടിയായാണ് കേരളപ്പിറവി ദിനത്തിൽ ജലസാഹസിക വിനോദങ്ങൾ തുടങ്ങിയത്. കായിപ്പുറം സ്വദേശികളായ ആദിത്യൻ തണ്ടാർ, നവനീത്, അദ്വൈത് ടി പട്ടാറ എന്നീ യുവാക്കളുടെ സംരംഭമാണിത്. സുരക്ഷാ സംവിധാനങ്ങളോടെ കായലിൽ യാത്രചെയ്യാൻ ഗൈഡുകളും ഉണ്ടാകും. കായിപ്പുറം കെ ജി കവലയ്ക്ക് കിഴക്ക് കായൽത്തീരത്തുനിന്നാണ് യാത്ര ആരംഭിക്കുക. പാതിരാമണൽ ദ്വീപിന്റെ പച്ചപ്പും കായൽ കാഴ്ചകളും കണ്ട് മടങ്ങിയെത്താം. കയാക്കിങ് യാത്രയ്ക്ക് മണിക്കൂറിന് 300 രൂപയും വാട്ടർ സൈക്കിളിന് 200 രൂപ മുതലുമാണ് ചാർജ്. ജലസാഹസിക വിനോദം സ്ഥിരം സംവിധാനമായി നിലനിർത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും വിനോദസഞ്ചാര മേഖലയുടെ വളർച്ച വേഗത്തിലാക്കാനുമാണ് ആലോചന. ടൂറിസം സാധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 26 മുതൽ 30 വരെയാണ് മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പാതിരാമണൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് എം അരുൺ മോഹൻ, സ്ഥിരംസമിതി അധ്യക്ഷൻ ബാബു വടക്കേച്ചിറ, അംഗം ടി കുഞ്ഞുമോൻ എന്നിവർ ചേർന്ന് ജലസാഹസിക വിനോദ യാത്രയ്ക്ക് പച്ചക്കൊടി വീശി.









0 comments