print edition കുതിക്കുന്നു കാലിക്കറ്റ്

കെ എ നിധിൻ നാഥ്
Published on Oct 11, 2026, 01:34 AM | 1 min read
തൃശൂർ : സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കാലിക്കറ്റ് എഫ്‌സിയുടെ മിന്നുംകുതിപ്പ്. മൂന്നാംസീസണിൽ തുടർച്ചയായ മൂന്നാംജയം കുറിച്ച് കാലിക്കറ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. തൃശൂർ മാജിക് എഫ്‌സിയെ അവരുടെ തട്ടകത്തിൽ 2–1ന് കീഴടക്കി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷമാണ് കാലിക്കറ്റിന്റെ വിജയഗോൾ പിറന്നത്.
പരിക്കുസമയത്ത് തൃശൂരിന്റെ മധ്യനിരക്കാരൻ അബ്‌ദുൾ സമദിന്റെ പിഴവുഗോൾ ജയം നൽകി. കളി തുടങ്ങി ആദ്യ മിനിറ്റിൽ എമിൽ ബെന്നി കാലിക്കറ്റിനെ മുന്നിലെത്തിച്ചു. ഇടവേളയ്‌ക്കുശേഷം സിലാജിത്ത് സന്ത്ര തൃശൂരിനായി ഗോൾ നേടി. തൃശൂരിന് മൂന്ന് കളിയിലും ജയമില്ല.
അവസാന കളിയിൽ മലപ്പുറം എഫ്‌സിയെ തോൽപ്പിച്ചതിന്റെ ആവേശവുമായെത്തിയ കാലിക്കറ്റ് തൃശൂരിനെതിരെയും തുടക്കം മികച്ചതാക്കി. ഇടതുവശത്തുനിന്നുള്ള ഫെഡറികോ ബുവാസോയുടെ തകർപ്പൻ ക്രോസ് പിടിച്ചെടുത്താണ് എമിൽ അടിതൊടുത്തത്. തൃശൂർ ഗോൾകീപ്പർ കമാലുദീന് ആ നീക്കം തടയാനായില്ല. മാക്‌സിമില്ലിയാനോ ഉറുറ്റിയും കാൽവിൻ തോമസും തൃശൂർ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഗോൾകീപ്പർ കമാലുദീന്റെ പ്രകടനമാണ് തൃശൂരിനെ കാത്തത്. പന്തിൽ നിയന്ത്രണം നേടിയെങ്കിലും അവസരങ്ങൾ മുതലാക്കാൻ തൃശൂരിന് കഴിഞ്ഞില്ല.
ഇടവേളയ്‌ക്കുശേഷം തൃശൂർ മാറ്റങ്ങൾ വരുത്തി. നൈജീരിയൻ താരം വാലന്റീനെയും മുഹമ്മദ് ബാസിത്തിനെയും കളത്തിലിറക്കി. കാലിക്കറ്റ് ബ്രസീലുകാരൻ ലിയോയെ കൊണ്ടുവന്നു. കളി മുറുകി. സമനിലയ്‌ക്കായുള്ള തൃശൂരിന്റെ ശ്രമങ്ങൾ 61–ാം മിനിറ്റിൽ ഫലം കണ്ടു. ബോക്സിന് പുറത്തുനിന്നുള്ള സെർജിയോ ഗിലിന്റെ ഷോട്ട് കാലിക്കറ്റ് ഗോൾകീപ്പർ മിർഷാദ് തട്ടിയകറ്റി. പക്ഷേ, പകരക്കാരനായെത്തിയ സിലജിത് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. 68–ാം മിനിറ്റിൽ കാലിക്കറ്റിനായി കാൽവിൻ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി.









0 comments