ഇടത് എംഎൽഎമാരുടെ സംഘം ഇടമലക്കുടി സന്ദർശിക്കും

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭരണസ്തംഭനം നേരിടുന്ന ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഇടത് എംഎൽഎമാരുടെ സംഘം ഇടമലക്കുടി സന്ദർശിക്കും. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ സംഘം ശനിയാഴ്ച ഇടമലക്കുടിയിൽ എത്തും. രാവിലെ എട്ടിന് മൂന്നാറിൽ നിന്ന് തിരിക്കുന്ന സംഘത്തിൽ എംഎൽഎമാരായ കെ യു ജനീഷ് കുമാർ, എം എസ് അരുൺ കുമാർ, പി പി സുമോദ്, ഒ എസ് അംബിക എന്നിവരുമുണ്ടാകും.
കുറച്ചുദിവസങ്ങൾക്കുമുമ്പാണ് ശമ്പളം നൽകാൻ പണമില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടിയത്. ആറുമാസമായി ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും ലഭിക്കാഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പഞ്ചായത്ത്. സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടിയത്.
ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളാണ് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. മൂന്നാർ പഞ്ചായത്തിന്റെ ഒരുവാർഡ് മാത്രമായിരുന്ന ഇടമലക്കുടി 2010ലാണ് പഞ്ചായത്തായി മാറിയത്. 26 കുടികളിലായി 2360 പേരുണ്ട്. രൂപീകരണത്തിന് ശേഷം കെട്ടിട നികുതിയിനത്തിൽ 6000 രൂപയും തൊഴിൽ നികുതിയിനത്തിൽ 1.10 ലക്ഷം രൂപയും മാത്രമാണ് തനത് വരുമാനം. പഞ്ചായത്തിന് തനത് ഫണ്ടില്ല. 2021–22വരെ പ്രതിമാസം ഏകദേശം 10 ലക്ഷം- രൂപ ലഭിച്ചിരുന്ന ജനറൽ പർപ്പസ് ഫണ്ട് 57,000 രൂപയാക്കി കുറച്ചതാണ് പ്രതിസന്ധികൾക്ക് കാരണം.








0 comments