Deshabhimani

ഇന്ത്യയേയും യുഎസിനെയും ഒരുമിപ്പിച്ച സ്ട്രോബ് ടാൽബോട്ട് അന്തരിച്ചു

Strobe Talbolt
വെബ് ഡെസ്ക്

Published on Nov 27, 2026, 09:58 PM | 1 min read

വാഷിങ്ടൺ : 1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായ അകൽച്ച കുറയ്ക്കുന്നതിൽ അന്നത്തെ വിദേശ മന്ത്രി ജസ്വന്ത് സിങ്ങിനൊപ്പം നിർണായക പങ്കുവഹിച്ച മുൻ യുഎസ് നയതന്ത്രജ്ഞൻ സ്ട്രോബ് ടാൽബോട്ട് (80) അന്തരിച്ചു. ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്നപ്പോൾ യുഎസ് വിദേശ ഉപ സെക്രട്ടറിയായിരുന്നു. വ്യാഴാഴ്ച ന്യൂയോർക്കിലെ ഈസ്റ്റ് ഹാംപ്ടണിലുള്ള വസതിയിലാണ് അന്ത്യമെന്ന് മകൻ ഡെവിൻ ടാൽബോട്ട് അറിയിച്ചു. 1998 മെയ് 11, 13 തീയതികളിൽ ഇന്ത്യ നടത്തിയ അഞ്ച് ആണവ പരീക്ഷണങ്ങളെ തുടർന്ന് അമേരിക്ക ഇന്ത്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ നിലയിലാക്കാൻ ശ്രമിച്ചത് ടാൽബോട്ട്-– ജസ്വന്ത് സിങ് സഖ്യമായിരുന്നു. ഏഴ് രാജ്യങ്ങളിലായി ഇവർ നടത്തിയ 14 കൂടിക്കാഴ്ചകൾ 2000-ൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇന്ത്യാ സന്ദർശനത്തിന് കളമൊരുക്കി. 22 വർഷത്തിന് ശേഷമുള്ള ഒരു യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനമായിരുന്നു അത്.


ടാൽബോട്ട്–സിങ് ചർച്ചകൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിനും അടിത്തറയിട്ടു.1946-ൽ ഒഹായോയിലെ ഡെയ്റ്റണിൽ ജനിച്ച ടാൽബോട്ട്, ടൈം മാഗസിനിൽ മാധ്യമപ്രവർത്തകനായിരുന്നു. സോവിയറ്റ്-– അമേരിക്കൻ ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം വാഷിങ്ടൺ ബ്യൂറോ ചീഫ്, വിദേശ കോളമിസ്റ്റ് എന്നീ പദവികൾ വഹിച്ചു. 1994-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്ന ടാൽബോട്ട് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായി. 2002 മുതൽ 2017 വരെ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ പ്രസിഡന്റായി. യുഎസ് വിദേശ മന്ത്രാലയത്തിൽ ഫോറിൻ അഫയേഴ്‌സ് പോളിസി ബോർഡിന്റെ അധ്യക്ഷനുമായി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home