Deshabhimani

കുട്ടികളുടെ പാർക്കിലിരുന്ന് കരഞ്ഞു; യുവതിക്ക് 2500 രൂപ പിഴ

women crying in park
വെബ് ഡെസ്ക്

Published on Nov 27, 2026, 10:12 PM | 1 min read

ബെർലിൻ: കുട്ടികളുടെ പാർക്കിലെ ബെഞ്ചിലിരുന്ന് കരഞ്ഞ യുവതിക്ക് 25 യൂറോ (2,543 രൂപ) പിഴ ചുമത്തി നഗരസഭാ ഉദ്യോഗസ്ഥർ. ജർമനിയിലെ ഗെൽസൻകിർഷൻ നഗരത്തിലെ ഗ്ലൂക്കൗഫ് പാർക്കിൽ ഒക്ടോബർ 25നാണ് സംഭവം. കുട്ടികൾ ഒപ്പമില്ലാതെ കളിസ്ഥലത്ത് പ്രവേശിച്ചെന്ന കാരണത്താലാണ് 31കാരിയായ ഹാന എന്ന യുവതിയ്ക്ക് പിഴ ചുമത്തിയത്.


പഠനവുമായി ബന്ധപ്പെട്ട സമ്മർദവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മാനസികമായി വിഷമത്തിലായിരുന്നു ഹാന. ആരും കാണാതെ കുറച്ചുസമയം ഒറ്റയ്ക്കിരിക്കാനാണ് കളിസ്ഥലത്തെ ബെഞ്ച് തെരഞ്ഞെടുത്തതെന്ന് ഹാന പറഞ്ഞു. പാർക്കിലെ ബെഞ്ചിലിരുന്ന് ബന്ധുവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ കരയുകയായിരുന്നു. ഇതിനിടെ എത്തിയ മൂന്ന് നഗരസഭാ ഉദ്യോഗസ്ഥർ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ യുവതിയുടേതാണോ എന്ന് ചോദിച്ചു. അല്ലെന്ന് മറുപടി നൽകിയതോടെ പിഴ ചുമത്തുകയായിരുന്നു.


നഗരസഭാ ചട്ടപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികൾക്കും അവർക്കൊപ്പമെത്തുന്ന മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മാത്രമാണ് കുട്ടികളുടെ കളിസ്ഥലത്ത് പ്രവേശനാനുമതി. എന്നാൽ ഇത്തരമൊരു നിയന്ത്രണമുള്ളതായി അറിഞ്ഞിരുന്നില്ലെന്നും പിഴ ചുമത്തുന്നതിനുപകരം മറ്റൊരു ബെഞ്ചിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നെന്നും ഹാന പറഞ്ഞു. എന്നാൽ കുട്ടികളില്ലാതെ മുതിർന്നവർക്ക് ബെഞ്ചിൽ ഇരിക്കാൻ പാടില്ലെന്ന് അവിടെയുള്ള അറിയിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നുമില്ല.


അതേസമയം, ഉദ്യോഗസ്ഥരുടെ നടപടിയെ നഗരസഭ ന്യായീകരിച്ചു. കരയുന്നതിനോ ഫോണിൽ സംസാരിക്കുന്നതിനോ അല്ല, ചട്ടം ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ കൂടുതൽ മനുഷ്യത്വപരമായി പെരുമാറേണ്ടിയിരുന്നെന്നും മുന്നറിയിപ്പ് നൽകിയാൽ മതിയായിരുന്നെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home