Deshabhimani

ഇന്ത്യയ്ക്കായി സ്വർണം നേടി അസംപ്ഷന്റെ ഷീബ ഡി

sheeba
വെബ് ഡെസ്ക്

Published on Nov 27, 2026, 09:52 PM | 1 min read

ചങ്ങനാശേരി: ഭുവനേശ്വറിൽ നടന്ന BIMSTEC അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ ലോങ്ജമ്പിൽ 6.21 മീറ്റർ ദൂരം ചാടി ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടി ഷീബ ഡി. അസംപ്ഷൻ കോളേജ് ഓട്ടോണമസ്, ചങ്ങനാശേരിയിലെ മൂന്നാം വർഷ ബി എ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്.


തിരുവനന്തപുരം സ്വദേശിനിയായ ഷീബ ദേശീയ-അന്തർദേശീയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ അത്‌ലറ്റിക്സിലെ ശ്രദ്ധേയമായ യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ്. BIMSTEC വേദിയിലെ സ്വർണനേട്ടം ഷീബയുടെ കായികജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമാണ്. ഇതിന് മുമ്പ് രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ആറാമത് ഇന്ത്യൻ ഓപ്പൺ അണ്ടർ-23 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്ജമ്പിൽ 6.29 മീറ്റർ ചാടി ഷീബ സ്വർണമെഡൽ നേടിയിരുന്നു. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ 6.29 മീറ്റർ പ്രകടനം ഷീബയുടെ വ്യക്തിഗത മികച്ച പ്രകടനമായും ശ്രദ്ധേയമായി.


സ്കൂൾതലം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്ന ഷീബ 2023-ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ജമ്പിൽ 5.63 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടിയിരുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫിന്റെ ശാസ്ത്രീയ പരിശീലനവും നിരന്തരമായ മാർഗനിർദേശവുമാണ് ഷീബയുടെ വളർച്ചയിൽ നിർണായകമായത്.


തിരുവനന്തപുരം പുതിയതുറ, ഉരയിക്കുന്നുപുരയിടം സ്റ്റീഫൻ ഡയാന ദമ്പതികളുടെ മകളാണ്. മികച്ച പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി ദേശീയതലത്തിൽ നിന്ന് അന്തർദേശീയ വേദിയിലേക്ക് ഉയർന്നിരിക്കുകയാണ് ഈ യുവതാരം. അക്കാദമിക പഠനത്തോടൊപ്പം കായികരംഗത്തും മികവ് പുലർത്തുന്ന ഷീബയുടെ നേട്ടം അസംപ്ഷൻ കോളേജിന്റെ കായികപാരമ്പര്യത്തിന് മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി ഉയരുന്ന ഷീബയുടെ മുന്നേറ്റത്തിന് കോളേജ് മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും കായികവിഭാഗവും അഭിനന്ദനം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home