Deshabhimani

അക്വാൻ ചുഴലിക്കാറ്റിൽ കൃഷിനാശം; ബംഗാളിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കിസാൻ സഭ

AIKS.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 10:14 PM | 2 min read

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ദുരിതബാധിതരായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) ആവശ്യപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അക്വാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അകാലമഴയും ശക്തമായ കാറ്റുമാണ് കാർഷിക മേഖലക്ക് തിരിച്ചടിയായത്. തെക്കൻ ബംഗാളിലെ ഒമ്പത് ജില്ലകളിലായി 5.73 ലക്ഷം കർഷകരെ ദുരിതത്തിലാക്കിയ പ്രകൃതിക്ഷോഭത്തിൽ 1.6 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ഏകദേശം 1,261 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക കണക്ക്.


നെല്ല് കൊയ്ത്തിന് കർഷകർ തയ്യാറെടുക്കുകയും ഉരുളക്കിഴങ്ങ്, ഉള്ളി, കോളിഫ്ലവർ, കാബേജ്, വഴുതന, തക്കാളി തുടങ്ങിയ ശീതകാല-റാബി വിളകളുടെ കൃഷി ആരംഭിക്കുകയും ചെയ്ത സമയത്താണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അമൻ നെൽകൃഷിക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 1.31 ലക്ഷം ഹെക്ടറിലെ നെൽകൃഷി നശിച്ചതായും ഏകദേശം 576 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.


വെള്ളക്കെട്ട് മൂലം ശീതകാല പച്ചക്കറികളും വ്യാപകമായി നശിച്ചു. വിളവെടുപ്പിന് സമയമാകുന്നതിന് മുമ്പ് തന്നെ ഉൽപ്പന്നങ്ങൾ കൊയ്തെടുത്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ പല കർഷകരും നിർബന്ധിതരായി. പൂകൃഷിക്കും വെറ്റിലക്കൊടികൾക്കും വലിയ നാശമുണ്ടായി. നെൽച്ചെടികൾ പൂർണമായും നശിച്ചു. ചില പ്രദേശങ്ങളിൽ കോളിഫ്ലവർ സമയത്തിന് മുമ്പ് വിളവെടുക്കേണ്ടിവന്നു.


ചെറുകിട-നാമമാത്ര കർഷകരെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. വിത്ത്, വളം, കീടനാശിനി, ജലസേചനം, തൊഴിലാളികളുടെ കൂലി എന്നിവയ്ക്കായി വലിയ തുക ചെലവഴിച്ച കർഷകർക്ക് ഈ നിക്ഷേപം തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയാണ്. കൃഷിനാശത്തിനൊപ്പം തൊഴിൽദിനങ്ങളും വരുമാനവും നഷ്ടപ്പെട്ടതോടെ കർഷകത്തൊഴിലാളികളും പ്രതിസന്ധിയിലായി.


സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 205 കോടി രൂപയുടെ അടിയന്തര ധനസഹായം കണക്കാക്കിയ മൊത്തം നഷ്ടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് കിസാൻ സഭ ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച സഹായം യഥാർഥത്തിൽ ദുരിതബാധിതരായ കർഷകരിലേക്ക് എത്രത്തോളം എത്തുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. കർഷകരുടെയും കാർഷികത്തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് സംഭവിച്ച നഷ്ടം പൂർണമായി നികത്തുന്ന തരത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


2026 ജൂണിൽ പശ്ചിമ ബംഗാൾ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ (പിഎംഎഫ്ബിവൈ) വീണ്ടും ചേർന്നിരുന്നു. എന്നാൽ കർഷകർ നേരിടുന്ന വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ പദ്ധതി പരാജയപ്പെടുകയാണെന്ന് കിസാൻ സഭ ആരോപിച്ചു. സ്വകാര്യ കോർപറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കാനുള്ള സാഹചര്യം മാത്രമാണ് നിലവിലെ പദ്ധതി സൃഷ്ടിക്കുന്നതെന്നും സംഘടന വിമർശിച്ചു.


പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയൊരു വിഭാഗം കർഷകരും പാട്ടക്കൃഷിക്കാരും കുടിയാൻ കർഷകരുമാണ്. ഔദ്യോഗിക ഭൂവുടമസ്ഥ രേഖകളുടെയും പാട്ടക്കരാറുകളുടെയും അഭാവം ഇവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകുന്നു. വിളനാശമുണ്ടായാലും നഷ്ടപരിഹാരത്തിന് അർഹത തെളിയിക്കാൻ കഴിയാത്ത സാഹചര്യം ഇവരെ കൂടുതൽ ദുരിതത്തിലാക്കുന്നു.


പ്രധാനമന്ത്രി ഫസൽ ബീമാ യോജന റദ്ദാക്കി പൊതുമേഖലാ ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിക്കണമെന്നാണ് കിസാൻ സഭയുടെ ആവശ്യം. കർഷകരുടെ വിളകൾക്കും കന്നുകാലികൾക്കും സംഭവിക്കുന്ന നഷ്ടത്തിനൊപ്പം കർഷകത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ-വരുമാന നഷ്ടവും പൂർണമായി പരിരക്ഷിക്കുന്ന സംവിധാനം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.


കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ദുരിതം കണക്കിലെടുത്ത് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വർധിപ്പിച്ച് യഥാർഥ നഷ്ടം പൂർണമായി നികത്തണമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനും പ്രസിഡന്റ് അശോക് ധവളെയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home