ഇന്ത്യൻ ടീമിൽ അഞ്ച്‌ മലയാളികൾ

കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യ രണ്ടാം മത്സരത്തിന് ; ഇന്ന്‌ ഇറാന്‌ മുന്നിൽ

Cafa Nations Cup Football india iran
avatar
Sports Desk

Published on Sep 01, 2025, 04:00 AM | 1 min read


ഹിസോർ

ഖാലിദ്‌ ജമീലിന്‌ കീഴിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക്‌ ഇന്ന്‌ കടുത്ത പരീക്ഷണം. കാഫ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരും ഏഷ്യയിലെ കരുത്തൻമാരുമായ ഇറാനെ നേരിടും. തജികിസ്ഥാനിലെ ഹിസോർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ കളി. ഫിഫ റാങ്കിങ്ങിൽ 20–ാം സ്ഥാനത്തുള്ള ഇറാനുമായുള്ള പോരാട്ടം പരിശീലകൻ ഖാലിദിനും ഇന്ത്യക്കും നിർണായകമാണ്‌.


അടുത്ത കാലത്ത്‌ ഇന്ത്യ നേരിടുന്ന ഏറ്റവും ശക്തരായ എതിരാളിയാണ്‌ ഇറാൻ. ഏഴുവട്ടം ലോകകപ്പ്‌ കളിച്ച, മൂന്ന്‌ തവണ ഏഷ്യൻ കപ്പ്‌ ചാമ്പ്യൻമാരായ ഇറാന്‌ 133–ാം സ്ഥാനത്തുള്ള ഇന്ത്യ വലിയ എതിരാളികളല്ല. ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനെ 3–1ന്‌ തോൽപ്പിച്ചിരുന്നു. മജീദ്‌ ഹുസൈനി‍, അലിറസ ജഹൻബാഷ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്‌. ആറ്‌ തവണയാണ്‌ ഇരുടീമുകളും ഏറ്റുമുട്ടിയത്‌. നാലിലും ഇറാൻ ജയിച്ചു. ഇന്ത്യ രണ്ടിലും. 1959ൽ എറണാകുളത്താണ്‌ അവസാനമായി തോൽപ്പിച്ചത്‌.


ഖാലിദിന്‌ കീഴിൽ അരങ്ങേറ്റത്തിൽ അച്ചടക്കമുള്ള കളി പുറത്തെടുത്ത ആത്മവിശ്വാസം ഇന്ത്യക്കുണ്ട്‌. യുവനിര പ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു. ഒത്തിണക്കത്തോടെ കളിച്ചു. പ്രതിരോധം കരുത്തുകാട്ടി. അരങ്ങേറ്റക്കാരൻ മലയാളി പ്രതിരോധക്കാരൻ മുഹമ്മദ്‌ ഉവൈസ്‌ ഉൾപ്പെടെയുള്ളവർ തിളങ്ങി. ഇറാനെതിരെ ഇന്ത്യൻ പ്രതിരോധത്തിന്റെ പ്രകടനം നിർണായകമാകും. ഗോൾകീപ്പർ ഗുർപ്രീത്‌ സിങ്‌ സന്ധുവായിരിക്കും ശ്രദ്ധേയതാരം.

ബി ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുള്ള ഇറാൻ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്‌.


ഇന്ത്യൻ ടീമിൽ അഞ്ച്‌ മലയാളികൾ

ന്യൂഡൽഹി

അണ്ടർ 23 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റ‍ൗണ്ടിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച്‌ മലയാളികൾ.

പ്രതിരോധത്തിൽ മുഹമ്മദ്‌ സഹീഫ്‌, മധ്യനിരയിൽ വിബിൻ മോഹനൻ, മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ സനാൻ, മുന്നേറ്റത്തിൽ എം എസ്‌ ശ്രീകുട്ടൻ എന്നിവരാണ്‌ ഇടംപിടിച്ചത്‌.

ന‍ൗഷാദ്‌ മൂസയാണ്‌ ഇന്ത്യൻ പരിശീലകൻ. ഖത്തറിലെ ദോഹയിലാണ്‌ യോഗ്യതാ റ‍ൗണ്ട്‌. ഗ്രൂപ്പ്‌ എച്ചിൽ ഇന്ത്യ മൂന്നിന്‌ ബഹറൈനെയും ആറിന്‌ ഖത്തറിനെയും ഒമ്പതിന്‌ ബ്രൂണെയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home