പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇന്ത്യ ; കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ന് അഫ്ഗാനോട്

ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പരിശീലനത്തിൽ

Sports Desk
Published on Sep 04, 2025, 03:51 AM | 1 min read
ഹിസോർ
കാഫ നേഷൻസ് കപ്പ് ഫുട്‌ബോളിൽ പ്ലേഓഫ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. തജികിസ്ഥാനിലെ ഹിസോർ സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി. രണ്ട് കളിയിൽ മൂന്ന് പോയിന്റുമായി ബി ഗ്രൂപ്പിൽ രണ്ടാമതാണ് ഇന്ത്യ. ഒന്നാമതുള്ള ഇറാൻ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ച് മൂന്നാംസ്ഥാനം നേടാം. അഫ്‌ഗാനെ വീഴ്‌ത്തിയാൽ ഇന്ത്യ കടക്കും. സമനിലയായാൽ ഇറാനെ നേരിടുന്ന തജികിസ്ഥാന്റെ മത്സരഫലം ആശ്രയിച്ചാകും കാര്യങ്ങൾ. മൂന്ന് പോയിന്റുള്ള തജിക് മൂന്നാംസ്ഥാനത്താണ്.
പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിൽ വിയർത്തുകളിക്കുന്നുണ്ട് ഇന്ത്യ. ആദ്യ മത്സരത്തിൽ റാങ്കിങ്ങിൽ മുന്നിലുള്ള ആതിഥേയരായ തജികിസ്ഥാനെ തോൽപ്പിച്ചു. 2023 നവംബറിനുശേഷം ഒൗദ്യോഗിക മത്സരത്തിലെ ആദ്യ ജയമാണിത്. കഴിഞ്ഞ കളിയിൽ ഇറാനോട് മൂന്ന് ഗോളിന് തോറ്റു. എങ്കിലും ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്തുള്ള അറബ് ടീമിനെതിരെ 133–ാമതുള്ള ഇന്ത്യ പൊരുതി. ആദ്യ പകുതി ഗോൾ വഴങ്ങാതെ നിന്നു. പ്രതിരോധനിരയാണ് മികച്ച പ്രകടനം നടത്തിയത്. യുവതാരങ്ങളെല്ലാം തിളങ്ങി. മൂന്ന് മലയാളി താരങ്ങളുണ്ട് ടീമിൽ.
അഫ്‌ഗാനെതിരെ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. 166–ാം റാങ്കുകാരായ അഫ്‌ഗാനെ പരിശീലിപ്പിക്കുന്നത് ഗോകുലം കേരളയെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ ഇറ്റലിക്കാരൻ വിസെൻസോ അനീസെയാണ്. 22 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 13ലും ഇന്ത്യ ജയിച്ചു. രണ്ടിൽ അഫ്‌ഗാൻ. ഏഴെണ്ണം സമനിലയായി.
ജിങ്കന് പരിക്ക്, നാട്ടിലേക്ക് മടങ്ങി
അഫ്‌ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്‌റ്റനും പ്രതിരോധക്കാരനുമായ സന്ദേശ് ജിങ്കന്റെ പരിക്ക്. ഇറാനെതിരായ ആദ്യപകുതിയിൽ താടിയെല്ലിന് പരിക്കേറ്റ മുപ്പത്തിരണ്ടുകാരൻ മത്സരം പൂർത്തിയാക്കിയിരുന്നു. എന്നാൽ, പിന്നീട് നടന്ന പരിശോധനയിൽ പൊട്ടൽ കണ്ടെത്തി. ഇന്നലെ നാട്ടിലേക്ക് മടങ്ങുകയുംചെയ്‌തു. ജിങ്കന്റെ അഭാവം പ്രതിരോധത്തിൽ ഇന്ത്യയെ കാര്യമായി ബാധിക്കും.








0 comments