സമനിലക്കളി ; അഫ്‌ഗാനിസ്ഥാനുമായി 0–0

കാഫ നേഷൻസ് ലീഗിൽ അഫ്ഗാൻ താരത്തിന്റെ മുന്നേറ്റം തടയുന്ന ആഷിഖ് കുരുണിയൻ (വലത്ത്)

Sports Desk
Published on Sep 05, 2025, 03:47 AM | 1 min read
ഹിസോർ (തജികിസ്ഥാൻ)
കാഫ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ റാങ്കിങ് പട്ടികയിൽ പിന്നിലുള്ള അഫ്‌ഗാനിസ്ഥാനുമായി സമനിലയിൽ കുരുങ്ങി. ഇരു സംഘവും ഗോളടിക്കാതെ പിരിയുകയായിരുന്നു. ഗ്രൂപ്പിൽ ഒരു ജയവും സമനിലയുമായി രണ്ടാമതാണ് ഇന്ത്യ. രണ്ടാമതെത്തുന്ന ടീമിന് മൂന്നാംസ്ഥാനക്കാർക്കായുള്ള പ്ലേ ഓഫിന് യോഗ്യത നേടാം. അഫ്‌ഗാൻ പുറത്തായി.
ആദ്യ കളിയിൽ ആതിഥേയരായ തജികിസ്ഥാനെ തോൽപ്പിച്ച് തുടങ്ങിയ ഖാലിദ് ജമീലിന്റെ സംഘം അടുത്ത മത്സരത്തിൽ ഇറാനോട് പൊരുതിത്തോൽക്കുകയായിരുന്നു. പക്ഷേ, അഫ്‌ഗാനോട് ആ മികവ് നിലനിർത്താനായില്ല. റാങ്കിങ് പട്ടികയിൽ ഇന്ത്യ 133–ാമതും അഫ്‌ഗാൻ 161–ാം സ്ഥാനത്തുമാണ്.
അഫ്‌ഗാനെതിരെ തുടക്കത്തിൽ ഇന്ത്യ ആക്രമിച്ചുകളിച്ചു. അവസരങ്ങളും സൃഷ്‌ടിച്ചു. പക്ഷേ, ഗോളിലേക്ക് മാത്രം വഴിതുറന്നില്ല. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും മുഹമ്മദ് ഉവൈസും എം എസ് ജിതിനും ടീമിൽ ഉൾപ്പെട്ടു. ഇടവേളയ്‌ക്കുശേഷം അഫ്‌ഗാൻ കളി പിടിച്ചു. ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികവാണ് അവരെ തടഞ്ഞത്.
രണ്ട് ജയവുമായി ഇറാൻ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് എയിൽ ഇന്ന് തുർക്‌മെനിസ്ഥാൻ ഒമാനെയും ഉസ്‌ബെക്കിസ്ഥാൻ കിർഗിസ്ഥാനെയും നേരിടും. ഒമാനും ഉസ്‌ബെക്കിനും നാല് വീതം പോയിന്റുണ്ട്.








0 comments