ആൻസെലോട്ടിക്ക് കീഴിൽ ബ്രസീലിന് ആദ്യ ജയം, ലോകകപ്പ് യോഗ്യത

Confederação Brasileira de Futebol/facebook.com/photo
സാവോപോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വിജയം. പരാഗ്വേയെ ഒരു ഗോളിന് വീഴ്ത്തി മുൻ ലോകചാമ്പ്യൻമാർ ലോകകപ്പ് യോഗ്യത നേടി. കളിയുടെ ഒന്നാം പകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലാണ് വിജയം. നിരാശയോടെ തുടങ്ങിയ പരിശീലകൻ കാർലോ ആൻസെലോട്ടി രണ്ടാമത്തെ കളിയിൽ തന്നെ ബ്രസീലിനെ വിജയവഴിയിലെത്തിച്ചു. ജയത്തോടെ 16 കളിയിൽ 25 പോയന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി അർജന്റീനയാണ് ഒന്നാമത്.
ആൻസെലോട്ടിക്ക് കീഴിൽ ആദ്യ കളിയിൽ ഇക്വഡോറിനോട് ഗോളില്ലാ സമനില വഴങ്ങിയ ബ്രസീൽ പരാഗ്വേയ്ക്കെതിരെ ജയമുറപ്പിച്ചാണ് കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ പരുക്കൻ കളിയിലൂടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനിറ്റിൽ പരാഗ്വേ താരം ജൂനിയർ അലോൻസോ മഞ്ഞകാർഡ് കണ്ടു. 22-ാം മിനിറ്റിൽ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിനും മഞ്ഞകാർഡ് ലഭിച്ചു.
ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് ബ്രസീൽ വിജയഗോൾ നേടിയത്. 44-ാം മിനിറ്റിൽ മാത്യൂസ് കുൻഹയുടെ അസിസ്റ്റിൽ വിനീഷ്യസാണ് ടീമിനായി ഗോൾ കണ്ടെത്തിയത്. പരാഗ്വേയ്ക്കെതിരെ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് ഗോൾ കണ്ടെത്താനായില്ല.








0 comments