print edition ബ്രസീലിന് നോവുന്നു

ഏദെർ മിലിറ്റാവോ, റോഡ്രിഗോ, എസ്തെവായോ, നെയ്മർ
റിയോ ഡി ജനിറോ: ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് പ്രതിസന്ധിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. മുന്നേറ്റക്കാരൻ റോഡ്രിഗോയ്‌ക്ക് പിന്നാലെ പ്രതിരോധത്തിലെ വിശ്വസ്തൻ ഏദെർ മിലിറ്റാവോയ്‌ക്കും ലോകകപ്പ് ഫുട്‌ബോൾ നഷ്ടമാകും. ഇരുവരും റയൽ മാഡ്രിഡ് താരങ്ങളാണ്. ഭാവിവാഗ്‌ദാനമായി അറിയപ്പെടുന്ന പത്തൊമ്പതുകാരൻ വിങ്ങർ എസ്‌തെവായോയും സംശയത്തിലാണ്. പരിക്ക് മാറിയെങ്കിലും ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാൻ പാടുപെടുന്ന നെയ്‌മറുടെ കാര്യത്തിലും ഉറപ്പില്ല. ജൂൺ 11ന് തുടങ്ങുന്ന ലോകകപ്പിൽ 14ന് മൊറോക്കോയുമായാണ് കാനറികളുടെ ആദ്യ കളി. 20ന് ഹെയ്‌ത്തിയെയും 25ന് സ്‌കോട്‌ലൻഡിനെയും നേരിടും.
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ കഴിഞ്ഞയാഴ്‌ച അലാവെസിനെതിരായ മത്സരത്തിനിടെയാണ് മിലിറ്റാവോയ്‌ക്ക് പേശിവലിവുണ്ടായത്. വിശദമായ പരിശോധനയിൽ പരിക്ക് ഗൗരവമുള്ളതാണെന്ന് കണ്ടെത്തി. പിന്നാലെ ഫിൻലൻഡിൽ ശസ്‌ത്രക്രിയക്ക് വിധേയനായി. ഒക്‌ടോബർ വരെ വിശ്രമം വേണം. 2022 ലോകകപ്പിൽ നാല് തവണ ബ്രസീൽ കുപ്പായമിട്ടുണ്ട്. മാർച്ചിൽ കാൽമുട്ടിന് പൊട്ടലുണ്ടായ റോഡ്രിഗോ ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. പത്ത് മാസത്തോളം പുറത്തിരിക്കേണ്ടിവരും ഇരുപത്തഞ്ചുകാരൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് ചെൽസി താരമായ എസ്‌തെവായോക്ക് പരിക്കേറ്റത്. ക്ലബ് സീസൺ പൂർണമായും നഷ്ടമായ വിങ്ങർക്ക് ജൂണാകുമ്പോഴേക്ക് തിരിച്ചെത്താനാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ബ്രസീലിനായി അവസാന ആറ് കളിയിൽ അഞ്ച് ഗോളടിച്ച പത്തൊമ്പതുകാരനിൽ കേന്ദ്രീകരിച്ചായിരുന്നു പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ പദ്ധതികൾ. കാനറിപ്പടയ്‌ക്കായി 11 കളിയിലിറങ്ങിയിട്ടുണ്ട്.
പരിക്കിൽനിന്ന് മോചിതനായെങ്കിലും മുൻ ക്യാപ്‌റ്റൻ നെയ്‌മറിന് സാധ്യതയില്ല. 90 മിനിറ്റും പൂർണക്ഷമതയിൽ കളിക്കാനുള്ള ആരോഗ്യം മുപ്പത്തിനാലുകാരനില്ല. പഴയ മികവിലേക്ക് ഉയർന്നിട്ടുമില്ല. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മുന്നേറ്റക്കാരൻ (128 കളിയിൽ 79 ഗോൾ) അവസാന മൂന്ന് പതിപ്പിലും ടീമിന്റെ മുഖമായിരുന്നു. 13 മത്സരങ്ങളിൽ എട്ട് ഗോളുണ്ട്. ഖത്തറിൽ പരിക്കിനെ തുടർന്ന് ആദ്യ മത്സരങ്ങളിൽ പുറത്തായിരുന്നു.
മെയ് 11നാണ് ലോകകപ്പിനുള്ള സാധ്യതാ ടീമിന്റെ പട്ടിക സമർപ്പിക്കേണ്ടത്. ജൂൺ ഒന്നാണ് 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിനം.











0 comments