പുതിയ പരിശീലകന് കീഴിൽ ബ്രസീലിന് അരങ്ങേറ്റം
ആൻസെലോട്ടിയുടെ ബ്രസീൽ കളത്തിൽ ; നാളെ ഇക്വഡോറിനോട്

ഗ്വയ്‌കിൽ (ഇക്വഡോർ)
ബ്രസീലിയൻ ഫുട്‌ബോളിന് ഇനി പുതിയപാഠം. പരിശീലകനായ കാർലോ ആൻസെലോട്ടിക്ക് കീഴിൽ ബ്രസീൽ അരങ്ങേറുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറാണ് എതിരാളി. നാളെ പുലർച്ചെ നാലരയ്‌ക്കാണ് കളി. ലോകചാമ്പ്യൻമാരായ അർജന്റീന രാവിലെ ആറരയ്‌ക്ക് ചിലിയെയും നേരിടും.
അറുപത് വർഷത്തിനുശേഷമാണ് ഒരു വിദേശ കോച്ചിന് കീഴിൽ കാനറിപ്പട ഇറങ്ങുന്നത്. ഇറ്റലിക്കാരനായ ആൻസെലോട്ടി റയൽ മാഡ്രിഡിൽനിന്നാണ് എത്തുന്നത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്. ക്ലബ് ഫുട്‌ബോളിൽ ലോകകപ്പുൾപ്പെടെ എല്ലാ ട്രോഫികളും ഉയർത്തിയ അറുപത്തഞ്ചുകാരന് പുതിയ ഉത്തരവാദിത്വം വെല്ലുവിളി നിറഞ്ഞതാണ്. 2002 ലോകകപ്പ് നേടിയശേഷം രാജ്യാന്തര വേദിയിൽ മോശം പ്രകടനം നടത്തുന്ന ബ്രസീലിനെ ജയത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്നത് എളുപ്പമാകില്ല. മികച്ച താരങ്ങളുണ്ടായിട്ടും ഒരുമയോടെ കളിക്കാനാകുന്നില്ല എന്നതാണ് വെല്ലുവിളി. എതിരാളിയെ വിറപ്പിക്കുന്ന കളിശൈലിക്കും കൈമോശം വന്നു. പരിക്കുകാരണം നെയ്‌മർ ടീമിലില്ല. റോഡ്രിഗോയും പുറത്താണ്. വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർകീന്വോസ്, അലിസൺ ബക്കർ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം അണിനിരക്കും. ഇക്വഡോറിലെ ബാൻകോ പിചിൻച സ്‌റ്റേഡിയത്തിലാണ് മത്സരം.
ചിലിയുടെ തട്ടകത്തിലാണ് ലയണൽ മെസിയുടെ അർജന്റീന പന്തുതട്ടുക. 14 കളിയിൽ 31 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ് ടീം. ചിലിക്കെതിരെ ജയിച്ചാൽ അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പിലേക്ക് ഏറെക്കുറെ ടിക്കറ്റുറപ്പിക്കാം. ഇക്വഡോർ (23) രണ്ടും ഉറുഗ്വേ (21) മൂന്നും സ്ഥാനത്താണ്. 21 പോയിന്റുള്ള ബ്രസീൽ നാലാമതാണ്. ആദ്യ ആറ് സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യതയുണ്ട്.









0 comments