ആൻസെലോട്ടിക്ക് കീഴിൽ ആദ്യജയം
ചിറക് വീശി ബ്രസീൽ ; എല്ലാ ലോകകപ്പിലും യോഗ്യതനേടുന്ന ഏക ടീം

പരാഗ്വേയ്--ക്കെതിരെ ബ്രസീലിന്റെ വിജയഗോൾ നേടിയ വിനീഷ്യസ് ജൂനിയർ
സാവോപോളോ
കാർലോ ആൻസെലോട്ടി ആദ്യദൗത്യം പൂർത്തിയാക്കി. ബ്രസീലിന് ഇനി പറക്കാം. ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാകടമ്പ കടന്നു. തുടർച്ചയായ 23–-ാം തവണയാണ് മുൻ ചാമ്പ്യൻമാർ ലോകകപ്പ് കളിക്കാനെത്തുന്നത്. എല്ലാ ലോകകപ്പിലും കളിച്ച മറ്റൊരു ടീമില്ല.
പരാഗ്വേയെ ഒരുഗോളിന് കീഴടക്കിയാണ് മുന്നേറ്റം. വിജയഗോൾ വിനീഷ്യസ് ജൂനിയറിന്റെ വക. 66ാം പിറന്നാൾ ആഘോഷിക്കുന്ന ആൻസെലോട്ടിക്കുള്ള സമ്മാനംകൂടിയായി ഈ ജയം. പരിശീലകനായി ചുമതലയേറ്റശേഷമുള്ള ഇറ്റലിക്കാരന്റെ ആദ്യജയമായിരുന്നു. ആദ്യ കളിയിൽ ഇക്വഡോറുമായി ഗോളടിക്കാതെ പിരിയുകയായിരുന്നു.
സ്വന്തം തട്ടകത്തിൽ തിളക്കമുള്ള തുടക്കമായിരുന്നു ബ്രസീലിന്. 46,000 കാണികളാണ് ആൻസെലോട്ടിയെ വരവേറ്റത്. മഞ്ഞയും പച്ചയും കലർന്ന കാർഡുകളിൽ അവർ കോച്ചിന് പിറന്നാൾ സന്ദേശമെഴുതി. റഫീന്യയും ഗബ്രിയേൽ മാർട്ടിനെല്ലിയും തിരിച്ചെത്തിയപ്പോൾ ബ്രസീലിന്റെ മുന്നേറ്റനിര മിന്നി. പരാഗ്വേ പ്രതിരോധത്തെ അതിവേഗ നീക്കങ്ങൾക്കൊണ്ട് ഇരുവരും തളർത്തിക്കളഞ്ഞു. വിനീഷ്യസായിരുന്നു മുഖ്യലക്ഷ്യം. പാസുകളും ക്രോസുകളും റയൽ മാഡ്രിഡ് മുന്നേറ്റക്കാരനെ ലക്ഷ്യംവച്ച് പാഞ്ഞു. സഹായത്തിന് മത്തിയൂസ് കുന്യയുമുണ്ടായിരുന്നു. പത്താം മിനിറ്റിൽതന്നെ അപകടരമായ ക്രോസ് പരാഗ്വേ ഗോൾമുഖത്തെത്തി. വിനീഷ്യസിന് കൃത്യമായി കാൽവയ്‌ക്കാനായില്ല. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ഗോൾ വന്നു. റഫീന്യ വലതുവശത്ത് നടത്തിയ നീക്കം പരാഗ്വേ പ്രതിരോധം തടഞ്ഞെങ്കിലും പന്തടിച്ച് ഒഴിവാക്കാനായില്ല. ഓടിയെത്തിയ കുന്യ പന്ത് റാഞ്ചി. കുറിയ ക്രോസ് ഗോൾമുഖത്തേക്ക് തൊടുത്തു. ഇക്കുറി വിനീഷ്യസ് വല കണ്ടു. ആൻസെലോട്ടിക്കുനേരെ കൈചൂണ്ടിയായിരുന്നു ആഘോഷം. ഇത് നിങ്ങൾക്കുവേണ്ടിയെന്നായിരുന്നു പ്രതികരണം.
അതേസമയം, അവസരങ്ങൾ കിട്ടിയിട്ടും ഗോളെണ്ണം കൂട്ടാനാകാത്തത് നിരാശ പകർന്നു. 11 ഷോട്ടുകളാണ് ആകെ തൊടുത്തത്. നാലെണ്ണം ലക്ഷ്യത്തിലേക്ക്. അതിൽ ഗോളായത് ഒന്നുമാത്രം. 73 ശതമാനം പന്ത് നിയന്ത്രണത്തിലുണ്ടായിരുന്നു. ‘ഇത് ഞങ്ങളുടെ മികച്ച പ്രകടനമല്ല. എങ്കിലും ഈ ജയം ഞങ്ങൾ ആഘോഷിക്കും’ വിനീഷ്യസ് പറഞ്ഞു.
നാല് മുന്നേറ്റക്കാരായിരുന്നു ഒരേസമയം ബ്രസീൽ നിരയിൽ. കുന്യയുടെ പ്രകടനം നിർണായകമായി.
ചിലിക്കെതിരെ സെപ്‌തംബറിലാണ് അടുത്ത മത്സരം. സസ്‌പെൻഷൻ കിട്ടിയ വിനീഷ്യസിന് കളിക്കാനാകില്ല. യോഗ്യതാ റൗണ്ടിൽ ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. നിലവിൽ ഏഴ് ജയവുമായി മൂന്നാംസ്ഥാനത്താണ്. 21 ഗോളടിച്ചപ്പോൾ 16 എണ്ണം വഴങ്ങി. അഞ്ച് തോൽവി, നാല് സമനില. അവസാന ആറ് കളിയിൽ രണ്ടാം ജയം മാത്രമാണിത്.









0 comments