99–ാംമിനിറ്റിൽ 
വിനീഷ്യസ്‌ ; കൊളംബിയയെ 2–1ന് തോൽപ്പിച്ച് ബ്രസീൽ

vinisious jr
വെബ് ഡെസ്ക്

Published on Mar 22, 2025, 12:00 AM | 1 min read


ബ്രസീലിയ : വിനീഷ്യസ്‌ ജൂനിയർ കൊളംബിയൻ ഹൃദയം തകർത്തു. കളി കഴിഞ്ഞെന്ന്‌ കരുതവേ ബോക്‌സിന്‌ പുറത്തുനിന്നൊരു ലോങ്റേഞ്ച്‌. സമനിലയുടെ വിസിലിനായി കാത്തിരുന്ന കൊളംബിയ മരവിച്ചുപോയി. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ കൊളംബിയയെ 2–-1ന്‌ മറികടന്ന്‌ ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക്‌ കുതിച്ചു. സമനിലയായിരുന്നെങ്കിൽ ആറാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുമായിരുന്നു. പരിക്കുസമയത്ത്‌, 99–-ാംമിനിറ്റിൽ വിനീഷ്യസ്‌ സുന്ദരൻ ഗോളിലൂടെ കാനറികൾക്ക്‌ മിന്നുംജയമൊരുക്കി. റഫീന്യയുടെ പെനൽറ്റിയിലൂടെ ബ്രസീലായിരുന്നു ആദ്യം മുന്നിലെത്തിയത്‌. പിന്നാലെ ലൂയിസ്‌ ഡയസിലൂടെ കൊളംബിയ സമനില കണ്ടെത്തുകയായിരുന്നു.


26ന്‌ അർജന്റീനയെ നേരിടുന്ന ബ്രസീലിന്‌ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

സ്വന്തംതട്ടകത്തിൽ ആശിച്ച തുടക്കമായിരുന്നു മുൻ ചാമ്പ്യൻമാരുടേത്‌. വിനീഷ്യസായിരുന്നു ആക്രമണങ്ങളുടെ അച്ചുതണ്ട്‌. ഇരുപത്തിനാലുകാരന്റെ മിന്നൽനീക്കങ്ങൾ കൊളംബിയൻ പ്രതിരോധത്തിന്റെ അടിവേരിളക്കി. ആദ്യ മിനിറ്റിൽത്തന്നെ അതിന്റെ സൂചനയുണ്ടായി. ബോക്‌സിൽ വിനീഷ്യസിനെ ഡാനിയൽ മുനോസ്‌ വീഴ്‌ത്തി. പെനൽറ്റിയെടുത്ത റഫീന്യ അനായാസം ലക്ഷ്യം കണ്ടു. ഗോൾ വഴങ്ങിയ കൊളംബിയ ബ്രസീലിനെ പിടിച്ചുകെട്ടി. മുന്നേറ്റങ്ങൾ ചെറുത്തു.


പ്രത്യാക്രമണങ്ങൾ നടത്തി. ഇടവേളയ്‌ക്ക്‌ മുമ്പായിരുന്നു സമനിലഗോൾ. ബ്രസീൽ താരം ജോലിന്റണിൽനിന്ന്‌ പന്ത്‌ റാഞ്ചിയ ജേഫേഴ്‌സൺ ലെർമ ക്യാപ്‌റ്റൻ ഹാമിഷ്‌ റോഡ്രിഗസിന്‌ നൽകി. റോഡ്രിഗസിൽനിന്ന്‌ ഡയസിലേക്ക്‌. ഒറ്റയടിയിൽ ലിവർപൂളുകാരൻ വല കുലുക്കി.

രണ്ടാംപകുതി ഇരുടീമുകളുടെയും ശ്രമങ്ങൾ പൂർണതയിൽ എത്തിയില്ല. പത്ത്‌ മിനിറ്റായിരുന്നു പരിക്കുസമയമായി അനുവദിച്ചത്‌. സമനില ഉറപ്പിക്കവേയായിരുന്നു വിനീഷ്യസ്‌ അവതരിച്ചത്‌. ഇടതുവശം ബോക്‌സിന്‌ പുറത്തുനിന്നുള്ള കരുത്തുറ്റ ഷോട്ട്‌ വലയിൽ കയറി. ബ്രസീൽ ആഘോഷിച്ചു. 13 കളിയിൽ 21 പോയിന്റായി ടീമിന്‌.



deshabhimani section

Related News

View More
0 comments
Sort by

Home