print edition ബ്ലാസ്‌റ്റേഴ്‌സും നിലച്ചു

കോഴിക്കോട്: ഐഎസ്‌എൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പുതിയ സീസൺ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവെ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്‌ക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കി. പരിശീലന ക്യാമ്പ് പിരിച്ചുവിട്ടു. വിദേശ കളിക്കാർ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങി. ഇനിയൊരു ഉറപ്പ് ലഭിക്കുന്നത് വരെ തൽസ്ഥിതി തുടരുമെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചു.
ഐഎസ്‌എൽ പുതിയ സീസൺ ഡിസംബറിൽ തുടങ്ങുമെന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) ഉറപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പിൽ പങ്കെടുത്തത്. പുതിയ വിദേശ കളിക്കാരെ ടീമിലെത്തിക്കുകയും സീസണിന് മുന്നോടിയായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പുതിയ സ്‌പോൺസറെ കണ്ടെത്താൻ ഫെഡറേഷന് കഴിയാതിരുന്നതോടെ ഇൗ വർഷം ഐഎസ്‌എൽ നടക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് ക്ലബ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
മരവിച്ച അവസ്ഥയാണ് ടീമിനുള്ളതെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജിയുടെ പ്രതികരണം. ‘ക്ലബ്ബിലെ കളിക്കാരും മറ്റംഗങ്ങളും ആശങ്കയിലാണ്. എന്താണ് ഭാവിയെന്ന് അറിയില്ല. ശുഭാപ്‌തി വിശ്വാസത്തോടെ നിൽക്കണമെന്ന് പറയുന്പോഴും മുന്നോട്ടുള്ള കാര്യങ്ങളിൽ ഭയമാണ്. മനസ് മടുത്തുപോകുന്നു. ഇൗ വർഷം ഐഎസ്‌എൽ നടക്കുമെന്ന ഉറപ്പിൻമേലാണ് ഞങ്ങൾ പരിശീലനം തുടങ്ങിയത്. സ്‌പോൺസർ വരുമെന്നും ടൂർണമെന്റ് തുടങ്ങാനുള്ള തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമുള്ള കാത്തിരിപ്പിലായിരുന്നു. ഇൗ നിമിഷം മറ്റൊന്നും ചെയ്യാനില്ല. – അഭിക് വ്യക്തമാക്കി.
സൂപ്പർ കപ്പിന് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയത്. താരലേലത്തിൽ സജീവമായി. കോൾഡോ ഒബിയേറ്റ, യുവാൻ റോഡ്രിഗസ്, തിയാഗോ ആൽവേസ് എന്നീ വിദേശ കളിക്കാരെ ടീമിലേക്ക് കൊണ്ടുവന്നു. സൂപ്പർ കപ്പിൽ മികച്ച പ്രകടനത്തോടെ തുടങ്ങിയശേഷം മുംബൈ സിറ്റി എഫ്‌സിയോട് തോറ്റ് പുറത്താകുകയായിരുന്നു.
ഏപ്രിലിൽ ഐഎസ്‌എൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ വിദേശ കളിക്കാരിൽ ചിലർ കൂടാരം വിട്ടിരുന്നു. അതേസമയം, ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം തുടർന്നു. പുതിയ സാഹചര്യത്തിൽ ഉറുഗ്വേക്കാരൻ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണണം. സൂപ്പർ കപ്പിന് മുന്നോടിയായെത്തിയ വിദേശ കളിക്കാരുടെ കാര്യത്തിലും ആശങ്കയായി.









0 comments