ad
Deshabhimani

450 മത്സരങ്ങൾ, എണ്ണമറ്റ കിരീടങ്ങൾ; മാഞ്ചസ്റ്റർ സിറ്റിയുടെ 'ചെറിയ വലിയ' ക്യാപ്റ്റൻ പടിയിറങ്ങിയേക്കും

Bernardo Silva
വെബ് ഡെസ്ക്

Published on Apr 10, 2026, 06:43 PM | 2 min read

മാഞ്ചസ്റ്റർ: പോർച്ചുഗീസ് സൂപ്പർ താരം ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ കരിയർ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. എന്നാൽ ക്ലബ്ബിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിൽവയാണെന്നും അദ്ദേഹം വ്യക്തമാക്കി.


സിൽവയുടെ ഒൻപത് വർഷം നീണ്ട സിറ്റി കരിയർ ഈ സീസണോടെ അവസാനിക്കുമെന്ന് സഹപരിശീലകൻ പെപ് ലിൻഡേഴ്സ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചതിന് പിന്നാലെയാണ് ഗ്വാർഡിയോള തന്റെ നിലപാട് വ്യക്തമാക്കിയത്.


നിലവിൽ 31 വയസ്സുള്ള സിൽവയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് എന്നിവർക്ക് പുറമെ അമേരിക്കൻ ലീഗായ എംഎൽഎസിലെ ടീമുകളും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


എന്നാൽ തന്റെ ഭാവി സംബന്ധിച്ച് സിൽവ ഇതുവരെ ക്ലബ്ബിനെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. "തീരുമാനം എടുത്താൽ ആദ്യം എന്നോട് പറയണമെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ അവൻ ഒന്നും പറഞ്ഞിട്ടില്ല. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല," ഗ്വാർഡിയോള തമാശരൂപേണ പറഞ്ഞു.


കഴിഞ്ഞ വാരം ലിവർപൂളിനെതിരായ എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷമാണ് സിൽവയുടെ പടിയിറക്കത്തെക്കുറിച്ച് ലിൻഡേഴ്സ് സൂചന നൽകിയത്. ബെർണാഡോ സിൽവയ്ക്ക് പകരം വയ്ക്കാൻ അതേ നിലവാരത്തിലുള്ള മറ്റൊരു താരം ഉണ്ടാവില്ലെന്നും എല്ലാ നല്ല കഥകളും ഒരുനാൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


2017-ൽ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിൽ നിന്നാണ് സിൽവ മചെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നത്. ഭാവിയിൽ സൗദി ക്ലബായ ഇത്തിഹാദിലെത്തുമെന്നു അഭ്യുഹങ്ങളുണ്ട്. കഴിഞ്ഞ മാസം ആഴ്സണലിനെതിരായ ഇഎഫ്എൽ കപ്പ് മത്സരത്തിൽ താരം സിറ്റിക്കായി 450-ാം മത്സരം പൂർത്തിയാക്കിയിരുന്നു. കെവിൻ ഡി ബ്രൂയ്ന ക്ലബ്ബ് വിട്ടതോടെയാണ് സിൽവ സിറ്റിയുടെ നായകസ്ഥാനമേറ്റെടുത്തത്.


മൈതാനത്ത് സിൽവ നൽകുന്ന അസാമാന്യമായ പോരാട്ടവീര്യത്തെ ഗ്വാർഡിയോള പ്രശംസിച്ചു. "ഏറ്റവും ഉയരമുള്ളവനോ കരുത്തനോ ആയിരിക്കില്ല അദ്ദേഹം. സീസണിൽ 50 ഗോളുകളോ അസിസ്റ്റുകളോ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായെന്നും വരില്ല. പക്ഷേ ഏതൊരു പരിശീലകനും തന്റെ ടീമിൽ ആഗ്രഹിക്കുന്ന താരമാണവൻ.


ഏറ്റവും കടുപ്പമേറിയ നിമിഷങ്ങളിലും വലിയ വേദികളിലും സിൽവ ടീമിനായി മുന്നിലുണ്ടാകും. അദ്ദേഹം ഇവിടെ തുടരണമെന്നാണ് എനിക്ക്, പക്ഷേ തീരുമാനം താരത്തിന്റേതാണ്," പെപ് ഗ്വാർഡിയോള കൂട്ടിച്ചേർത്തു. വരും ആഴ്ചകളിൽ തന്നെ സിൽവയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home