print edition തട്ടകത്തിൽ കരഞ്ഞു; അത്‌ലറ്റികോ 2, ബാഴ്‌സ 0

അത്‌ലറ്റികോ മാഡ്രിഡ് താരങ്ങള്‍ | Photo: AFP
നൗകാമ്പ്: രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അത്‌ലറ്റികോ മാഡ്രിഡ് അവസാനിപ്പിച്ചു. ബാഴ്‌സലോണയുടെ കോട്ടയായ നൗകാമ്പ് സ്‌റ്റേഡിയത്തിൽ മിന്നുംജയത്തോടെ കരുത്തുകാട്ടി. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ രണ്ട് ഗോളിനാണ് ജയം.
2006ലാണ് അത്‌ലറ്റികോ ഇൗ സ്‌റ്റേഡിയത്തിൽ അവസാനമായി ജയിച്ചത്. കഴിഞ്ഞ 25 തവണയും സന്ദർശകരായെത്തി ജയമില്ലാതെ മടങ്ങി. ബാഴ്‌സ സ്‌റ്റേഡിയത്തിൽ അത്‌ലറ്റികോ പരിശീലകൻ ദ്യേഗോ സിമിയോണിക്കും ആദ്യ ജയമായി. ജൂലിയൻ അൽവാരസും അലെക്‌സാണ്ടർ സോർളോത്തുമാണ് ഗോൾ നേടിയത്. 44–ാം മിനിറ്റ് മുതൽ പത്തുപേരായാണ് ബാഴ്‌സ കളിച്ചത്. പ്രതിരോധക്കാരൻ പൗ കുർബാസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കനത്ത തിരിച്ചടിയായി.
നാല് ദിവസം മുമ്പ് സ്‌പാനിഷ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ബാഴ്‌സയോട് 2–1ന് തോറ്റിരുന്നു അത്‌ലറ്റികോ. അന്ന് ചാമ്പ്യൻസ് ലീഗിൽ കാണാം എന്നായിരുന്നു സിമിയോണി പറഞ്ഞത്. സ്വന്തംതട്ടകത്തിൽ ഹാൻസി ഫ്ലിക് പരിശീലിപ്പിക്കുന്ന ബാഴ്‌സയ്‌ക്ക് നല്ല തുടക്കമായിരുന്നു. മികച്ച മിന്നൽ നീക്കങ്ങളുമായി അവർ നിരന്തരം മുന്നേറി. എന്നാൽ ഗോളിലേക്കുള്ള വഴി കാണാനായില്ല. അത്‌ലറ്റികോ പതിവുശൈലിയിലായിരുന്നു. പ്രതിരോധത്തിൽ ശ്രദ്ധിച്ച് തക്കം കിട്ടുമ്പോൾ മാത്രം ആക്രമണത്തിന് ശ്രമിച്ചു. വിജയത്തിൽ ഇൗ തന്ത്രം നിർണായകമായി. ജൂലിയാനോ സിമിയോണിയെ ബോക്‌സിന് മുന്നിൽ കുർബാസി വീഴ്‌ത്തിയതിന് ആദ്യം മഞ്ഞ കാർഡായിരുന്നു റഫറി വീശിയത്. എന്നാൽ ‘വാർ’ പരിശോധനയിൽ ഫൗൾ ഗുരുതരമാണെന്ന് തെളിഞ്ഞു. അതോടെ നേരിട്ട് ചുവപ്പ് കാർഡ് കാണിച്ചു. ഇൗ ഫൗളിന് കിട്ടിയ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് അൽവാരസ് അത്‌ലറ്റികോയെ മുന്നിലെത്തിച്ചത്.
ലീഡ് നേടിയത് അത്‌ലറ്റികോയ്‌ക്ക് ഉൗർജമായി. തിരിച്ചടിക്കാൻ ബാഴ്‌സ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. പ്രതിരോധക്കോട്ട കെട്ടി സന്ദർശകർ കളി തുടർന്നു. 70–ാം മിനിറ്റിൽ മാറ്റിയോ റുഗേറി നൽകിയ അവസരം മുതലെടുത്താണ് പകരക്കാരനായെത്തിയ സോർളോത് ജയമുറപ്പിച്ചത്.
14ന് മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലാണ് രണ്ടാംപാദം. സെമി ഉറപ്പിക്കാൻ ബാഴ്‌സയ്‌ക്ക് മൂന്ന് ഗോൾ ജയം അനിവാര്യമാണ്.











0 comments