ad
Deshabhimani

അഞ്ചടിച്ച്‌ ബാഴ്‌സ

sports

എൽച്ചെയ്--ക്കെതിരെ ബാഴ്സലോണയ്--ക്കായി ഇരട്ടഗോൾ നേടിയ റാഫീന്യ

വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

മാഡ്രിഡ്‌: എതിരാളികൾക്ക്‌ കനത്ത താക്കീതുമായി ബാഴ്‌സലോണ തുടങ്ങി. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ എൽച്ചെയെ അഞ്ച്‌ ഗോളിന്‌ തരിപ്പണമാക്കി. നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സ ഹാട്രിക്‌ കിരീടമാണ്‌ ലക്ഷ്യമിടുന്നത്‌. എൽച്ചെയ്‌ക്കെതിരെ ക്യാപ്‌റ്റൻ റാഫീന്യ, ഫെർമിൻ ലോപെസ്‌ എന്നിവർ ഇരട്ടഗോൾ നേടി. ഇരുവരും പരിക്കുമാറിയാണ്‌ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്‌. അരങ്ങേറ്റക്കാരൻ കരീം അദെയെമിയും ലക്ഷ്യം കണ്ടു. പകരക്കാരനായെത്തിയ മറ്റൊരു പുതുമുഖം ആന്തണി ഗോഡോൺ രണ്ട്‌ ഗോളിന്‌ വഴിയൊരുക്കി.


എൽച്ചെയുടെ തട്ടകത്തിൽ വിരുന്നിനെത്തിയ ബാഴ്‌സ ആതിഥേയരെ തകർത്തെറിഞ്ഞു. 14–ാം മിനിറ്റിൽ വിക്ടർ കുസ്റ്റ്‌ റഫീന്യയെ ബോക്‌സിൽ വീഴ്‌ത്തി. കിട്ടിയ പെനൽറ്റി ബ്രസീലുകാരൻ തന്നെ അനായാസം വലയിലേക്ക്‌ തൊടുത്തു. ഒന്നടിച്ചതിനുശേഷം അടുത്തതിനായി അൽപ്പം കാത്തിരിക്കേണ്ടിവന്നു. റഫീന്യ നീട്ടിനൽകിയ പന്ത്‌ ജർമൻ വിങ്ങറായ അദെയെമി ലക്ഷ്യത്തിലേക്ക്‌ പായിച്ചു. ഇടവേളയ്‌ക്കുശേഷം ഗോഡോൺ എത്തിയതോടെ ബാഴ്‌സ നീക്കങ്ങൾ സജീവമായി. കളത്തിലെത്തി അഞ്ച്‌ മിനിറ്റിനിടെ രണ്ട്‌ ഗോളിന്‌ അവസരമൊരുക്കി ഇംഗ്ലീഷുകാരൻ.


സൂപ്പർതാരം ലമീൻ യമാലിന്‌ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിനിടെ മധ്യനിരക്കാരൻ ഗാവിക്ക്‌ പരിക്കേറ്റെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. മാഞ്ചസ്‌റ്റർ സിറ്റിയിൽനിന്ന്‌ കഴിഞ്ഞയാഴ്‌ച ടീമിലെത്തിച്ച സ്‌പാനിഷ്‌ ക്യാപ്‌റ്റൻ റോഡ്രി കളിച്ചില്ല. മറ്റൊരു മത്സരത്തിൽ ഗെറ്റഫെ ഒറ്റ ഗോളിന്‌ റിയൽ റേസിങ്ങിനെ തോൽപ്പിച്ചു.


അൽവാരസിന്‌ കൂവൽ


അത്‌ലറ്റികോ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ ജൂലിയൻ അൽവാരസിന്‌ സ്വന്തം കാണികളുടെ കൂവൽ. സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ വിയ്യാറയലിനെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങുമ്പോൾ അത്‌ലറ്റികോ ആരാധകർ കൂവി വിളിച്ചു. ഇ‍ൗ സീസണിൽ ടീം വിടാൻ ആഗ്രഹമുണ്ടെന്ന്‌ അർജന്റീനക്കാരൻ വെളിപ്പെടുത്തിയിരുന്നു. ഇതാണ്‌ ആരാധകരെ ചൊടിപ്പിച്ചത്‌. ബാഴ്‌സലോണ പലവട്ടം അൽവാരസിനായി അത്‌ലറ്റികോയെ സമീപിച്ചിരുന്നു. ഇംഗ്ലീഷ്‌ ക്ലബ്‌ അഴ്‌സണലും ഇരുപത്താറുകാരനായി രംഗത്തുണ്ട്‌. ഇതിനിടെ സ്വന്തംതട്ടകത്തിൽ നടന്ന കളിയിൽ അത്‌ലറ്റികോ വിയ്യാറയലിനോട്‌ 2–2ന്‌ കുരുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home