ad
Deshabhimani

ശമ്പളമില്ല; ആനുകൂല്യങ്ങളില്ല

എച്ച്എംടി തൊഴിലാളികൾക്ക് പട്ടിണിയോണം

HMT

എച്ച്എംടി കമ്പനിയിൽ ഓണാഘോഷം ബഹിഷ്കരിച്ച് ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 03:10 AM | 1 min read

കളമശേരി


ഓണമായിട്ടും ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതെ എച്ച്എംടി ജീവനക്കാർ. കമ്പനി മാനേജ്മെന്റൊരുക്കിയ ഓണാഘോഷം ബഹിഷ്കരിച്ച്‌ ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി എച്ച്എംടി ക്യാന്റീനിൽ തയ്യാറാക്കിയ ഓണസദ്യയും ആഘോഷ പരിപാടികളുമാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബഹിഷ്കരിച്ച് റിസെപ്ഷനിൽ കുത്തിയിരുപ്പ് ധർണ സംഘടിപ്പിച്ചത്.


​ജീവനക്കാർക്ക് ലഭിക്കേണ്ട പെർഫോമൻസ് ബോണസ്, ലീവ് എൻക്യാഷ്മെന്റ്, മൂന്നു മാസത്തെ ശമ്പള കുടിശ്ശിക എന്നിവ നൽകുന്നതിന് കോർപറേറ്റ് മാനേജ്മെന്റ് അനുമതി ലഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തപക്ഷം ഓണാഘോഷം ബഹിഷ്‌കരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്റെ നിലപാട് അറിയിച്ചിരുന്നതാണ്.


അനുകൂല്യങ്ങൾ നൽകാതെ പ്രകോപനം സൃഷ്ടിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഓണാഘോഷകാലത്താണ് വാർഷിക ബോണസ്, പെർഫോമൻസ് ബോണസ്, ഓണം അഡ്വാൻസ് എന്നിവ നൽകാറുള്ളത്. സാമ്പത്തികനഷ്ടം നേരിടുമ്പോഴും ഇത്തരം ആനുകൂല്യങ്ങൾ നിഷേധിക്കാറില്ലായിരുന്നു. കമ്പനി ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന സന്ദർഭത്തിൽ ആനുകൂല്യം നിഷേധിച്ചുകൊണ്ട് തൊഴിലാളിദ്രോഹ നടപടികളാണ് ബംഗളൂരു കോർപറേറ്റ് മാനേജ്മെന്റും യൂണിറ്റ് മാനേജ്മെന്റും സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


കുത്തിയിരുപ്പുധർണയിൽ എച്ച്എംടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എസ് ഷിബു, വർക്കേഴ്സ് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ എൻ വി ലിൻസെൻ, എംപ്ലോയീസ് ഫെഡറേഷൻ (ബിഎംഎസ്) സെക്രട്ടറി ടി ജി ശ്രീജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home