ad
Deshabhimani

മീനുകൾ ചത്തുപൊങ്ങി

ഡീസൽ കലർന്ന്‌ ആനതാഴ്‌ചിറ മലിനമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2026, 03:08 AM | 1 min read

കഴക്കൂട്ടം

നാലായിരത്തിലേറെ പേർക്കുവേണ്ടി ജല അതോറിറ്റി വെള്ളം ശേഖരിക്കുന്ന ആനതാഴ്‌ചിറയിൽ ഡീസൽ ബോട്ടിറക്കി മലിനമാക്കി. ജലഅതോറിറ്റി എംഡിയുടെ വിലക്ക് ലംഘിച്ച്‌ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ അർച്ചനയുടെ നേതൃത്വത്തിലാണ് ബോട്ടുയാത്ര നടത്തിയത്‌. ബോട്ടിൽനിന്നുള്ള ഡീസൽ കലർന്ന്‌ വെള്ളം മലിനമാകുമെന്നും ഓണക്കാലത്ത് ജലവിതരണം നിർത്തിവയ്ക്കേണ്ടിവരുമെന്നും ജലഅതോറിറ്റി ഉദ്യോഗസ്ഥർ എംഡിക്ക് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ജല അതോറിറ്റിയെ വെല്ലുവിളിച്ച്‌ മന്ത്രി പി സി വിഷ്‌ണുനാഥിന്റെ ഒത്താശയോടെയാണ് പഞ്ചായത്ത്‌ അധികൃതർ ബോട്ടിറക്കിയതെന്ന്‌ ആക്ഷേപമുണ്ട്‌. ഡീസൽ കലർന്ന്‌ വെള്ളം മലിനമാകുകയും മീനുകൾ ചത്തുപൊങ്ങുകയും ചെയ്‌തിട്ടും സവാരി നിർത്തിയില്ല. തിങ്കളാഴ്ച പമ്പുചെയ്ത വെള്ളം ഉപയോഗിച്ചവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതായും പരാതിയുണ്ട്. ഇതോടെ ജലവിതരണം നിർത്തിവയ്ക്കാനാണ്‌ ജലഅതോറിറ്റിയുടെ തീരുമാനം. അതേസമയം ഓണക്കാലത്ത് ബോട്ട് സവാരിയിലൂടെ പണം വാരാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ് നേതാക്കൾ. വ്യാപക പ്രതിഷേധമുയർന്നിട്ടും ബോട്ട് പിൻവലിക്കില്ലെന്ന പിടിവാശിയിലാണ് പഞ്ചായത്ത്. ഓണാഘോഷത്തിന്റെ ഭാഗമായി ഡീസൽ ബോട്ട് ഇറക്കരുതെന്ന്‌ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ നിർദേശിച്ചിരുന്നെങ്കിലും യുഡിഎഫ്‌ ഭരണസമിതി സ്വന്തം നിലയ്ക്ക്‌ ബോട്ടിറക്കുകയായിരുന്നു. അഞ്ച്‌ വർഷംമുമ്പ് ഇവിടെ ടൂറിസം പദ്ധതി ആസൂത്രണം ചെയ്‌തപ്പോൾ ജലഅതോറിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന്, പെഡൽ ബോട്ടും കുട്ടവഞ്ചിയുമാണ് പരിഗണിച്ചത്. സംഭവത്തിൽ റിട്ട. ജീവനക്കാരുടെ കൂട്ടായ്‌മ മനുഷ്യാവകാശ കമീഷനിലും മുഖ്യമന്ത്രിക്കും പരാതി നൽകി. ഡീസൽ ബോട്ട് ഇറക്കരുതെന്ന് ആവശ്യപ്പെട്ട് സിആർപിഎഫ് ക്വാർട്ടേഴ്‌സിലെ ജീവനക്കാർ ചൊവ്വാഴ്ച കോടതിയെ സമീപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home