print edition മായാതെ ബാഴ്‌സക്കാലം

സ്--പാനിഷ് ഫുട്ബോൾ ലീഗ് ട്രോഫിയുമായി ബാഴ്സലോണ താരങ്ങളുടെ ആഹ്ലാദം
നൗകാമ്പ്: സ്‌പെയ്‌നിൽ വീണ്ടും ബാഴ്‌സലോണ വസന്തം. പരമ്പരാഗത വൈരികളായ റയൽ മാഡ്രിഡിനെ രണ്ട് ഗോളിന് തുരത്തി തുടർച്ചയായ രണ്ടാംവട്ടവും സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരായി. മൂന്ന് മത്സരം ശേഷിക്കെയാണ് നേട്ടം. ആകെ കിരീടം 29 ആയി. റയലിന് 36 എണ്ണമുണ്ട്.
ബാഴ്‌സയുടെ തട്ടകമായ നൗകാമ്പ് സ്‌റ്റേഡിയത്തിൽ നടന്ന ‘എൽ ക്ലാസികോ’യിൽ മാർകസ് റാഷ്‌ഫഡും ഫെറാൻ ടോറെസും ആതിഥേയർക്കായി ഗോളടിച്ചു. തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ചാണ് മുന്നേറ്റം. രണ്ടാമതുള്ള റയലിനെക്കാൾ 14 പോയിന്റ് അധികമുണ്ട്. 35 റൗണ്ട് കഴിഞ്ഞപ്പോൾ ചാമ്പ്യൻമാർക്ക് 91 പോയിന്റാണ്. രണ്ടാമതുള്ള റയലിന് 77.
ബാഴ്‌സയുടെ ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക് പിതാവിന്റെ മരണത്തിന് പിന്നാലെയാണ് ക്ലാസികോ പോരാട്ടത്തിന് ടീമിനെ ഒരുക്കിയത്. മരണാന്തര ചടങ്ങിന് പോകാതെ ടീമിനൊപ്പം തുടരുകയായിരുന്നു.
നൂറ് വർഷത്തിനടുത്തിടെ ആദ്യമായാണ് എൽ ക്ലാസികോ സ്‌പാനിഷ് ലീഗ് ജേതാക്കളെ നിശ്ചയിക്കുന്ന മത്സരമായി മാറിയത്. ജയിച്ചാൽ കിരീടമുയർത്താകുന്ന ബാഴ്‌സ തകർപ്പൻ കളിയായിരുന്നു. ഉടനീളം ആധിപത്യം പുലർത്തി. 9–ാം മിനിറ്റിൽ റാഷ്‌ഫഡിന്റെ സുന്ദരൻ ഫ്രീകിക്കിലൂടെയാണ് ലീഡെടുത്തത്.
ഇൗ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് വായ്‌പാടിസ്ഥാനത്തിൽ ടീമിലെത്തിയ റാഷഫ്‌ഡ് 47 കളിയിൽ 14 ഗോളും അത്രതന്നെ അവസരവും ഒരുക്കി. പകരക്കാരന്റെ വേഷത്തിലായിരുന്നു ഭൂരിഭാഗം കളിയിലും. സ്‌പെയ്‌നിൽ ഇംഗ്ലീഷുകാരൻ തുടരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 18–ാം മിനിറ്റിൽ ടോറെസ് ജയം പൂർത്തിയാക്കി. റയലിനാകട്ടെ മികവ് കാട്ടാനായില്ല. മുന്നേറ്റ നിരയിൽ പരിക്കേറ്റ കിലിയൻ എംബാപ്പെ കളിച്ചില്ല. ഒറ്റ ഷോട്ട് മാത്രമാണ് എതിർവല ലക്ഷ്യമാക്കി തൊടുക്കാനായത്.
2024ൽ പരിശീലകനായെത്തിയ ഫ്ലിക്കാണ് ബാഴ്‌സയുടെ വിജയമന്ത്രത്തിന് പിറകിൽ. പിന്നീട് ആറ് ആഭ്യന്തര ട്രോഫികളിൽ അഞ്ചും ബാഴ്‌സ സ്വന്തമാക്കി. ടീമിൽ അച്ചടക്കവും ശാരീരികക്ഷമതയും ഉറപ്പിച്ചാണ് അറുപത്തൊന്നുകാരൻ തുടങ്ങിയത്. ഒപ്പം ശൈലിയിൽ മാറ്റവും വരുത്തി. ഗോളടിക്കാനായിരുന്നു മുൻതൂക്കം. ലമീൻ യമാൽ ഉൾപ്പെടെ അക്കാദമി താരങ്ങൾക്ക് വലിയ ഉത്തരവാദിത്തം നൽകി.









0 comments