ക്ലാസിക് ഫൈനലിൽ ബാഴ്‌സക്ക് തകർപ്പൻ ജയം; എക്സ്ട്രാ ടൈമിൽ റയലിനെ 3-2ന് വീഴ്ത്തി കിരീടം സ്വന്തമാക്കി

സെവിയ്യ: സ്‌പാനിഷ് കിങ്‌സ് കപ്പ് (കോപാ ഡെൽ റേ) ഫൈനലിൽ റയൽ മാഡ്രിഡിനെ 3-2ന് വീഴ്ത്തി ബാഴ്‌സലോണ കിരീടം ചൂടി. ആവേശകരമായ എൽ ക്ലാസിക്കോയുടെ എക്സ്ട്രാ ടൈമിൽ പ്രതിരോധതാരം ജൂൾഡ് കൗണ്ടെ നേടിയ ഗോളാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. സെവിയ്യയിലെ ലാ കാർതുഹ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബാഴ്സയുടെ മടങ്ങി വരവ്. ഇതോടെ ഈ സീസണിലെ മൂന്നാമത്തെ ക്ലാസികോയിലും ബാഴ്‌സ തകർപ്പൻ ജയം നേടി. കളി അവസാനിച്ചതിന് ശേഷം റയലിന്റെ അന്റോണിയോ റുഡിഗർ, ലൂക്കാസ് വാസ്‌ക്വസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവർ ചുവപ്പ് കാര്‍ഡ് കണ്ടു.
പരിക്കേറ്റ മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയില്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. വീറും വാശിയും നിറഞ്ഞ മത്സരത്തിന്റെ 28-ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്‌സ ലീഡ് നേടി. ലാമിൻ യമാലിന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് പെഡ്രി തകർപ്പൻ ഷോട്ടിലൂടെ റയലിന്റെ പോസ്റ്റിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതയിൽ റയൽ ശക്തമായ തിരച്ചുവരവ് നടത്തി. 70-ാം മിനിറ്റിൽ കിലിയൻ എംബാപെയിലൂടെ റയൽ ഗോൾ മടക്കി. ആദ്യപകുതിയിൽ ബെഞ്ചിലിരുന്ന എംബാപെ ഫ്രീ കിക്ക് ഗോളിലൂടെയാണ് ടീമിനായി സമനില നേടിയത്. ഏഴ് മിനിറ്റിന് ശേഷം ചൗമേനിയൂടെ ഹെഡർ ഗോളിലൂടെ റയൽ മുന്നിലെത്തി. എന്നാൽ 84-ാം മിനിറ്റിൽ ഹെറാൻ ടോറസ് ബാഴ്‌സയ്ക്കായി ഗോൾ കണ്ടെത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തും ബാഴ്‌സ നിറഞ്ഞാടി. 116-ാം മിനിറ്റിൽ ലഭിച്ച അവസരം കൗണ്ടെ ഗോളാക്കിയതോടെ ബാഴ്‌സ കിരീടം ഉറപ്പിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് തകർപ്പൻ പ്രകടനമാണ് ജർമൻ കോച്ചായ ഫ്ലിക്കിന് കീഴിൽ ബാഴ്‌സ നടത്തുന്നത്. സീസണിൽ മൂന്ന് ട്രോഫി ഫ്ലിക്കിന് കീഴിൽ ബാഴ്‌സയുടെ ലക്ഷ്യം. ലീഗിൽ ഒന്നാമതുണ്ട്. കിരീടത്തിനായി റയലും ബാഴ്‌സയും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് സെമിയിലും കടന്നു.









0 comments