print edition അത്‌ലറ്റികോ മടയിൽ ബാഴ്‌സ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയെ നേരിടാനൊരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിൽ
മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്‌ക്കും ലിവർപൂളിനും ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാംപാദ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡാണ് ബാഴ്‌സയുടെ എതിരാളി. ആദ്യപാദം അത്‌ലറ്റികോ രണ്ട് ഗോളിന് ജയിച്ചിരുന്നു. ലിവർപൂൾ നിലവിലെ ജേതാക്കളായ പിഎസ്‌ജിയുമായാണ് കളിക്കുന്നത്. ആദ്യപാദം രണ്ട് ഗോളിനായിരുന്നു പിഎസ്‌ജി സ്വന്തമാക്കിയത്.
സ്‌പാനിഷ് വന്പൻമാരുടെ പോരാട്ടമാണ് ശ്രദ്ധേയം. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിലായിരുന്നു ബാഴ്‌സയുടെ തോൽവി. പ്രതിരോധക്കാരൻ പൗ കുബാർസി ചുവപ്പുകാർഡ് കണ്ട് പുറത്തായ ഉടൻതന്നെ ലീഡ് നേടിയ അത്‌ലറ്റികോ അവസാന ഘട്ടത്തിൽ നേട്ടം രണ്ടാക്കി.
അപ്രതീക്ഷിത തോൽവി ഹാൻസി ഫ്‌ളിക്കിന്റെ സംഘത്തെ തളർത്തിക്കളഞ്ഞു. സ്‌പാനിഷ് സൂപ്പർ കപ്പ് സെമി ആദ്യപാദത്തിൽ നാല് ഗോളിന് തോറ്റ ബാഴ്‌സ രണ്ടാംപാദത്തിൽ മൂന്ന് ഗോൾ തിരിച്ചടിച്ചിരുന്നു. മുന്നേറാനായില്ലെങ്കിലും ആ പ്രകടനത്തിൽ സംതൃപ്‌തരായിരുന്നു. എതിർത്തട്ടകത്തിൽ ഇക്കുറി മൂന്നെണ്ണം തിരിച്ചടിക്കാനാകുമെന്ന പ്രതീക്ഷ ബാഴ്‌സയ്‌ക്കുണ്ട്.
ലീഗിൽ എസ്‌പാന്യോളിനെ 4–1ന് തകർത്താണ് എത്തുന്നത്. കൗമാരക്കാരൻ ലമീൻ യമാലിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. യമാലും ഫെർമിൻ ലോപെസും പെഡ്രിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഉൾപ്പെട്ട നിര അത്‌ലറ്റികോയുടെ പ്രതിരോധം തകർക്കുമെന്നാണ് ബാഴ്‌സ കരുതുന്നത്. സ്‌പാനിഷ് ലീഗിൽ ഒന്നാംസ്ഥാനത്ത് ഒന്പത് പോയിന്റ് ലീഡുള്ള ബാഴ്‌സ ചാന്പ്യൻഷിപ് ഏറെക്കുറെ ഉറപ്പിച്ചു.
മറുവശത്ത്, ലീഗിൽ പ്രതീക്ഷ നഷ്ടപ്പെട്ട അത്‌ലറ്റികോ അവസാന കളിയിൽ സെവിയ്യയോട് തോറ്റു. ആദ്യപാദത്തിൽ തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾ നേടിയ മുന്നേറ്റക്കാരൻ ജൂലിയൻ അൽവാരസിന്റെ പ്രകടനം കളിയിൽ നിർണായകമാകും. ഒൺടോയ് ഗ്രീസ്‌മാൻ, ജിയാൻലുയി സിമിയോണി എന്നിവരും ദ്യേഗോ സിമിയോണിയുടെ സംഘത്തിന് കരുത്തുപകരുന്നു.
പിഎസ്ജിയെ ഇന്ന് സ്വന്തം തട്ടകത്തിലാണ് ലിവർപൂൾ വരവേൽക്കുന്നത്. ആദ്യപാദത്തിൽ പ്രകടനം മോശമായിരുന്നു. സീസണിൽ മറ്റ് കിരീട പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച ലിവർപൂളിന് ചാന്പ്യൻസ് ലീഗിലും വഴി കഠിനമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് എത്തുന്നത്. ഫ്‌ളോറിയൻ വിറ്റ്‌സ്, ഡൊമിനിക് സൊബൊസ്‌ലായി, ഹ്യൂഗോ എകിടികെ എന്നിവരുടെ പ്രകടനം നിർണായകമാകും.
മറുവശത്ത്, പിഎസ്‌ജിയെ പരിക്കായിരുന്നു വലച്ചിരുന്നത്. എങ്കിലും ആദ്യപാദം അവർ ആധികാരികമായി സ്വന്തമാക്കി. രണ്ടാംപാദത്തിനെത്തുന്പോൾ പൂർണ സജ്ജമാണ് ടീം. ഡിസയർ ദുവെ മികവ് വീണ്ടെടുത്തു. ഉസ്‌മാൻ ഡെംബലെ, കവിച കവറാസ്‌ഹെലിയ എന്നിവർ തിളങ്ങിയാൽ പിഎസ്‌ജിക്ക് സെമിയിലേക്ക് മുന്നേറാം.











0 comments