ബാലൻ ഡി ഓർ പുരസ്‌കാരം ; ഡെംബലേയും ബൊൻമാറ്റിയും താരങ്ങൾ

ഉസ്‌മാൻ ഡെംബെലെ / ഐതാന ബൊൻമാറ്റി
പാരിസ്
കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ കളിക്കാർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരം പുരുഷന്മാരിൽ പിഎസ്‌ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരൻ ഉസ്‌മാൻ ഡെംബെലെയും വനിതകളിൽ സ്‌പെയ്‌നിന്റെ ഐതാന ബൊൻമാറ്റിയും സ്വന്തമാക്കി. ഫ്രഞ്ച് മാഗസിൻ ‘ഫ്രാൻസ് ഫുട്‌ബോൾ’ ഏർപ്പെടുത്തിയ വിഖ്യാത പുരസ്‌കാര ജേതാക്കളെ കായിക പത്രപ്രവർത്തകരുടെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പാരിസിൽ നടന്ന ചടങ്ങിൽ 13 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
ഡെംബലെ ആദ്യമായാണ് ഇൗ ലോക അംഗീകാരം നേടുന്നത്. ബൊൻമാറ്റി തുടർച്ചയായി മൂന്നാം തവണ പുരസ്‌കാരത്തിന് അർഹയായി. മാഞ്ചസ്‌റ്റർ സിറ്റിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ല്യൂജി ദൊന്നരുമ്മയാണ് മികച്ച ഗോൾകീപ്പർ. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ലൂയിസ് എൻറികെ മികച്ച പരിശീലകനുള്ള ബഹുമതി നേടി.
ഉയരങ്ങളിൽ ഡെംബെലെ ; വനിതകളിൽ ഐതാന ബൊൻമാറ്റിക്ക് ഹാട്രിക്
പിഎസ്‌ജിയുടെ നെടുന്തൂണായ ഉസ്‌മാൻ ഡെംബെലെ ഒടുവിൽ ലോക താരമായി. മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ഫ്രഞ്ചുകാരൻ സ്വന്തം പേരിലാക്കി. ആദ്യമായാണ് ഇരുപത്തെട്ടുകാരന്റെ നേട്ടം. ചാമ്പ്യൻസ് ലീഗും ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്‌ജി കഴിഞ്ഞ സീസണിൽ സ്വന്തമാക്കി. ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ റണ്ണറപ്പായി. എല്ലാ നേട്ടങ്ങൾക്കും നിർണായക കണ്ണിയായി ഡെംബെലെ. 44 കളിയിൽ 43 ഗോളിന്റെ ഭാഗമായി ഇരുപത്തെട്ടുകാരൻ. സ്‌പാനിഷ് കൗമാരക്കാരൻ ലമീൻ യമാലിനെയാണ് മറികടന്നത്. ബാഴ്‌സ താരം മികച്ച യുവതാരമായി.

ഉസ്‌മാൻ ഡെംബെലെ
വനിതകളിൽ തുടർച്ചയായ മൂന്നാം തവണയും സ്‌പാനിഷുകാരി ഐതാന ബൊൻമാറ്റിക്ക് എതിരുണ്ടായില്ല. നാട്ടുകാരി മരിയോണ കാൽഡെന്റെയെ മറികടന്നാണ് നേട്ടം. മിഷേൽ പ്ലാറ്റീനിക്കും ലയണൽ മെസിക്കും ശേഷം തുടർച്ചയായി മൂന്ന് തവണ പുരസ്‌കാരം ലഭിക്കുന്ന താരമാണ് ബാഴ്‌സലോണക്കാരി.
വനിതകളിലെ മികച്ച യുവതാരവും ബാഴ്‌സലോണ, സ്‌പാനിഷ് കളിക്കാരിയാണ്. വിക്കി ലോപെസ് പുരസ്‌കാരം സ്വന്തമാക്കി. മികച്ച വനിതാ ഫുട്‌ബോൾ ടീം പരിശീലകയായി ഇംഗ്ലണ്ടിന്റെ സെറീന വീഗ്‌മാൻ തെരഞ്ഞൈടുക്കപ്പെട്ടു. പുരുഷ ടീം പരിശീലകൻ പിഎസ്‌ജിയുടെ ലൂയിസ് എൻറിക്വെയാണ്.

ഐതാന ബൊൻമാറ്റി
പിഎസ്‌ജിയുടെ ഗോൾകീപ്പറായിരുന്ന ഇറ്റലിക്കാരൻ ജിയാൻല്യൂജി ദൊന്നരുമ്മയാണ് മികച്ച ഗോൾകീപ്പർ. പിഎസ്‌ജി വിട്ട ദൊന്നരുമ്മ ഇപ്പോൾ മാഞ്ചസ്‌റ്റർ സിറ്റിയുടെ ഗോൾകീപ്പറാണ്. വനിതകളിൽ ചെൽസിയുടെ ഇംഗ്ലീഷ് താരം ഹന്നാ ഹാംപ്‌ടൺ.
ഏറ്റവും കൂടുതൽ ഗോളടിച്ചതിന്റെ യെർദ് മുള്ളർ ട്രോഫി അഴ്‌സണലിന്റെ വിക്ടർ യോക്കേഴ്‌സിനാണ്.വനിതകളിൽ ബാഴ്‌സലോണയുടെ പോളണ്ട് താരം ഇവ പേജറാണ്. വനിതാ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ മികച്ച ക്ലബ് അഴ്‌സണലാണ്. പിഎസ്‌ജിയാണ് പുരുഷ ടീം.








0 comments