വീട്ടിൽ ഭക്ഷണമില്ല,പക്ഷേ വിവാഹത്തിന് ഷാരൂഖ് ഖാന്റെ നൃത്തം വേണം; ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരത്തെ വിമർശിച്ച് ബൂട്ടിയ

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ
കൊൽക്കത്ത: ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിനൊരുങ്ങുന്നതിനിടെ സംഘാടകർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി വൻ തുക ചെലവഴിക്കുന്നതിനേക്കാൾ ഇന്ത്യൻ ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണ സംവിധാനവും ശക്തിപ്പെടുത്താനാണ് മുൻഗണന നൽകേണ്ടതെന്ന് ബൂട്ടിയ പറഞ്ഞു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരം പ്രദർശന മത്സരങ്ങളുടെ ആവശ്യകത എന്താണെന്ന് പരിശോധിക്കണമെന്നും ബൂട്ടിയ വ്യക്തമാക്കി.
ബ്രസീൽ ഇന്ത്യയിൽ കളിക്കുന്നതിനെ എതിർക്കുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഫുട്ബോൾ വികസനത്തിനായിരിക്കണം കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ഒരാൾ മകന്റെ വിവാഹത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയാണ് ഈ നീക്കം" എന്നായിരുന്നു അധികൃതരുടെ മുൻഗണനകളെ വിമർശിച്ച് ബൂട്ടിയ നടത്തിയ പരാമർശം.
ഇന്ത്യയുടെ മത്സരക്രമത്തിലും ആശങ്ക
ബ്രസീൽ ടീം ഇന്ത്യയിലെത്തുന്ന ഒക്ടോബർ സമയത്ത് ഇന്ത്യൻ ടീമിന് ആസിയാൻ കപ്പിലെ മത്സരങ്ങളും ഉണ്ടാകുമെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി. നിർണായക മത്സരങ്ങൾക്കിടയിൽ ബ്രസീലിനെതിരെ ഇന്ത്യ രണ്ടാം നിര ടീമിനെ ഇറക്കേണ്ട സാഹചര്യമുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ജംഷെഡ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യം, ഏഷ്യൻ ഗെയിംസിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന തീരുമാനം തുടങ്ങിയ വിഷയങ്ങളും ബൂട്ടിയ ചൂണ്ടിക്കാട്ടി. നിലവിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യ 138-ാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
പൂജാരി പിന്തുണച്ചു; ബരേറ്റോ സ്വാഗതം ചെയ്തു
ബൂട്ടിയയുടെ നിലപാടിന് പിന്തുണയുമായി ഇന്ത്യൻ ദേശീയ താരം നിഖിൽ പൂജാരി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകാതെ നടത്തുന്ന പ്രദർശന മത്സരങ്ങൾ ഇന്ത്യൻ ഫുട്ബോളിന് ദീർഘകാല നേട്ടം നൽകില്ലെന്നാണ് താരങ്ങളുടെ അഭിപ്രായം.
അതേസമയം, മുൻ മോഹൻ ബഗാൻ താരം ജോസ് ബരേറ്റോ ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരത്തെ സ്വാഗതം ചെയ്തു. ലോകോത്തര താരങ്ങളടങ്ങിയ ബ്രസീൽ ടീം കൊൽക്കത്തയിൽ കളിക്കുന്നത് ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശം നൽകുമെന്നും രാജ്യത്തെ ഫുട്ബോൾ മേഖലയ്ക്ക് പുതിയ ഉണർവ് പകരുമെന്നും അദ്ദേഹം പറഞ്ഞു.










0 comments