ad
Deshabhimani

ലെെം​ഗിക പീഡനക്കേസില്‍ ബ്രിജ്ഭൂഷണ്‍ കുറ്റവിമുക്തന്‍

Brij Bhushan Singh.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 11:08 AM | 2 min read

ന്യൂഡൽഹി: വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്‌തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ വിചാരണ കോടതിയാണ് ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കിയത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നിരവധി തെളിവുകൾ അടക്കം ബ്രിജ് ഭൂഷണിനെതിരെ ഉയർന്നിട്ടും കേന്ദ്രസർക്കാരും ഒളിമ്പിക്‌സ്‌ അസോസിയേഷനും തുടക്കം മുതൽ ബിജെപി നേതാവിനെ സംരക്ഷിച്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.


ബ്രിജ്‌ ഭൂഷൺ കായികതാരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്നും പ്രതിയെ ശിക്ഷിക്കണമെന്നും ഡൽഹി പൊലീസ്‌ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ലൈംഗികാതിക്രമം, ക്രിമിനൽ ഭീഷണി, പിന്തുടരൽ എന്നീ കുറ്റങ്ങള്‍ ചുമത്തി. നൂറ്റിയെട്ട്‌ സാക്ഷികളിൽ 15 പേർ താരങ്ങളുടെ വെളപ്പെടുത്തല്‍ ശരിവച്ചു.


ആറുതാരങ്ങള്‍ 15 തവണയെങ്കിലും ലൈംഗികാതിക്രമത്തിന്‌ ഇരയായി. ഇത്‌ ശരിവയ്‌ക്കുന്ന സാക്ഷിമൊഴികളും രേഖകളും പൊലീസ്‌ സമർപ്പിച്ചു. മാറ്റിൽ പരിശീലനം നടത്തിയ താരത്തെ ഉപദ്രവിച്ചതിന്റെ സാക്ഷികളായി ഭർത്താവും സഹോദരനുമാണുള്ളത്‌. ബലമായി ആലിംഗനം ചെയ്യപ്പെട്ട താരത്തെ അച്ഛനമ്മമാരുടെ ഫോണിൽ വിളിച്ചാണ്‌ ബ്രിജ്‌ ഭൂഷൺ ഭീഷണിപ്പെടുത്തിയത്‌. താരത്തിന്റെ അമ്മയും സഹതാരങ്ങളും ഇത്‌ സ്ഥിരീകരിച്ചു. കസാഖ്‌സ്ഥാനിൽനിന്ന്‌ തിരിച്ചുവന്ന മകളെ ബ്രിജ്‌ ഭൂഷൺ തുടരെ ഫോൺ ചെയ്‌തിരുന്നെന്ന്‌ അമ്മ മൊഴി നൽകി. ഫോട്ടോസെഷനിടെ താരം ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ റഫറി ബ്രിജ് ഭൂഷനെതിരെ മൊഴിനല്‍കി. അതേസമയം പ്രായപൂർത്തിയാകാത്ത താരം സമ്മർദത്തെതുടർന്ന്‌ മൊഴിമാറ്റിയതോടെ ബ്രിജ്‌ ഭൂഷണിനെതിരെയുള്ള പോക്‌സോവകുപ്പ്‌ ഒഴിവാക്കിയിരുന്നു.


2023-ൽ ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ്‌ ഫോഗട്ട്‌ തുടങ്ങിയവർ ഡൽഹി ജന്തർ മന്തറിൽ മാസങ്ങളോളം സമരം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിമ്പിക് മെഡൽ ജേതാക്കളായ താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഉൾപ്പെടെ വിമർശനത്തിന് കാരണമായി.


കോടതി കുറ്റവിമുക്തനാക്കിയത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ബ്രിജ് ഭൂഷൺ പ്രതികരിച്ചു. കേസിന്റെ ആദ്യ ദിവസം മുതൽ തൻ പറഞ്ഞത് സത്യമാണെന്ന് വ്യക്തമായെന്നും ഒരു ആരോപണം പോലും തെളിയിക്കപ്പെട്ടാൽ ഏത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home