ad
Deshabhimani

നോട്ട് നിരോധനവും ഇ20 പെട്രോൾ മിശ്രണ പദ്ധതിയും തമ്മിലെന്താണ് ? നേരത്തെ അറിഞ്ഞവര്‍ ഉണ്ടായിരുന്നു

ethanol
വെബ് ഡെസ്ക്

Published on Aug 04, 2026, 01:12 PM | 6 min read

ന്യൂഡൽഹി: ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ പെട്രോളിൽ എഥനോൾ കലർത്തി വില്പന തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ‘ഇ20’ നയത്തിനെതിരെ ആദ്യമായി ജനകീയ പ്രക്ഷോഭം തുടങ്ങിവെച്ചത് ജയ്പൂരിലെ ക്ഷീരകർഷകരാണ്. 'എം-20 മൂവ്‌മെന്റ്' എന്ന പേരിലായിരുന്നു അവരുടെ നീക്കം. ഇന്ധനത്തിൽ എഥനോൾ ചേർക്കുന്നത് ഔദ്യോഗികമായ മായം ചേർക്കലാണെന്ന് കർഷകർ തുറന്നടിച്ചു. എം-20 എന്ന പേരിൽ വ്യത്യസ്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. കേന്ദ്ര നീക്കത്തിലെ ദുരൂഹമായ തിടുക്കത്തെയും അധാര്‍മ്മികതയെയും തുറന്നു കാട്ടി.


‘ഇ20’ നയത്തോടുള്ള പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ 20 ശതമാനം വെള്ളം ചേർത്ത പാൽ 'എം-20 മിൽക്ക്' എന്ന പേരിൽ ബിജെപി മന്ത്രിമാർക്ക് അയച്ചുകൊടുത്തായിരുന്നു ഈ സമരം. M-0, M-20, M-50, M-100 എന്നിങ്ങനെ പാലിൽ വെള്ളം ചേര്‍ക്കുന്നതിന്റെ വ്യത്യസ്ത രൂപങ്ങളും അവര്‍ പരിഹാസ രൂപത്തിൽ പ്രസിദ്ധപ്പെടുത്തി.


രാജ്യത്തെ പമ്പുകളിൽ ഇ20 പെട്രോൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ലക്ഷ്യം വെച്ചതിലും 5 വര്‍ഷം മുൻപ് തന്നെ ഇത് തിടുക്കപ്പെട്ട് ആരെയും അറിയിക്കാതെ നടപ്പാക്കുകയായിരുന്നു. ഈ നടപടിയുടെ ഗുണഭോക്താക്കളെയും ആസൂത്രണത്തെയും കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ജയ്പൂർ ദുഗ്ദ്ധ ഉത്പാദക് സംഘർഷ് സമിതി തുടക്കം തന്നെ വിളിച്ചു പറഞ്ഞു.


എഥനോൾ ഉത്പാദനത്തിനായി കാർഷികവിളകൾ തിരിച്ചുവിടുന്നത് വൻ പ്രതിസന്ധിയാവും. കന്നുകാലിത്തീറ്റയുടെ ഉൾപ്പെടെ വിലക്കയറ്റത്തിന് കാരണമാകും എന്നിങ്ങനെ അന്നു തന്നെ കര്‍ഷകര്‍ മുന്നറിയിപ്പ് നൽകി. കോഴിത്തീറ്റ, കന്നുകാലിത്തീറ്റ തുടങ്ങിയവയുടെ വിലക്കയറ്റം മുതൽ പലതലങ്ങളിലായി കര്‍ഷകര്‍ പ്രവചിച്ച ദുരിതങ്ങൾ അടുക്കളവരെ എത്തിയിരിക്കയാണ്. ഇതിനിടെ എഫ് സി ഐ ഗോഡൗണുകളിൽ നിന്നും സബ്സിഡി ധാന്യങ്ങൾ എഥനോൾ ഫാക്ടറികൾക്ക് യഥേഷ്ടം അനവദിച്ചു നൽകി. പട്ടിണി പാവങ്ങളുടെ റേഷൻ മുടങ്ങിയപ്പോഴും ഫാക്ടറികൾക്കുള്ള വിഹിതം മുടങ്ങിയില്ല. മുമ്പ് കരിമ്പിൽ നിന്നുള്ള അവശിഷ്ടങ്ങൾ മാത്രമാണ് എഥനോൾ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് കഥ മാറി. നിലവിൽ എഥനോൾ ഉൽപ്പാദനത്തിന്റെ 67 ശതമാനവും ധാന്യങ്ങളിൽ നിന്നാണ്.


നോട്ടുനിരോധനം പോലെ


നോട്ടുനിരോധനം പോലെയാണ് കലര്‍പ്പില്ലാത്ത സാധാരണ പെട്രോളിന് നിരോധനം ഏര്‍പ്പെടുത്തിയതും നടപ്പാക്കിയതും. നിരോധനം മുൻകൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എന്നു മാത്രമാണ് വ്യത്യാസം. ആരോരുമറിയാതെ സാധാരണ പെട്രോൾ പമ്പുകളിൽ എത്തിക്കുന്നത് നിര്‍ത്തി. ഇപ്പോഴും പഴയ അതേ വിലയിൽ തങ്ങളുടെ വാഹനങ്ങളിൽ നിറച്ചുനൽകുന്നത് 20 ശതമാനം എഥനോൾ കലര്‍ത്തിയ പെട്രോൾ ആണെന്ന് ഇപ്പോഴും അറിയാത്തവരുണ്ട്. ഇത് വാഹനങ്ങൾക്ക് വരുത്താവുന്ന തകരാറുകൾ അവരറിയുന്നില്ല. അറിഞ്ഞിട്ടും കാര്യമില്ല. കാരണം കലര്‍പ്പില്ലാത്ത പെട്രോൾ പൂര്‍ണമായും പിൻവലിച്ചിരിക്കയാണ്. ജനങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം പോലും നൽകിയില്ല. പശ്ചിമേഷ്യൻ യുദ്ധവും അതുകാരണം ഇന്ധന ലഭ്യതയിൽ ഉണ്ടായ പ്രതിസന്ധിയും മറയാക്കി കലര്‍പ്പ് വിതരണം പൂര്‍ണ്ണമാക്കി.


നേരത്തെ അറിഞ്ഞവര്‍

ഫാക്ടറി തുടങ്ങി


നോട്ടുനിരോധനം പോലെ ഈ നീക്കം നേരത്തെ അറിഞ്ഞവര്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളിൽ എഥനോൾ ഫാക്ടറികൾ കൂണുപോലെ മുളച്ചു പൊന്തി. ചോളവും കരിമ്പും വൈക്കോലും ഉൾപ്പെടെ എഥനോളിനായി ഉപയോഗിക്കപ്പെടുന്ന വസ്തുക്കൾ എല്ലാം വാങ്ങിക്കൂട്ടി. എഫ്സിഐ ഗോഡൗണുകളിൽ നിന്നും കേടുവന്ന എന്ന മുദ്ര കുത്തിച്ച് വിലക്കുറവിൽ ധാന്യങ്ങൾ തരപ്പെടുത്തി. സാധാരണക്കാരുടെ നിത്യ ജീവതത്തെ തൊടുന്ന ഇത്തരം കാര്‍ഷിക വസ്തുക്കൾക്ക് എല്ലാം ഡിമാന്റ് വര്‍ധിച്ചു. അനുബന്ധ വസ്തുക്കൾക്കും വിലകൂടി. രാജസ്ഥാനിലെ കര്‍ഷകര്‍ ചൂണ്ടികാണിച്ചത് പോലെ കാലിത്തീറ്റ വില കൂടി.


Related News

എഥനോൾ പ്ലാന്റുകൾക്കായി പൊതുമേഖലാ ബാങ്കുകൾ വഴി പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നിട്ടുള്ളത്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കളായ സാരംഗ് ഗഡ്കരി,നിഖിൽ ഗഡ്കരി എന്നിവർക്ക് പങ്കാളിത്തമുള്ള പഞ്ചസാര-എഥനോൾ നിർമ്മാണ കമ്പനികൾക്ക് എതിരെ പൊതു രംഗത്തും സോഷ്യൽ മീഡിയയിലും'E20 Hatao' പ്രചാരണങ്ങൾ ഉയര്‍ന്ന സാഹചര്യമുണ്ടായി. കേന്ദ്രസര്‍ക്കാരും ബിജെപിയുമായി ബന്ധപ്പെട്ട താത്പര്യ ഗ്രൂപ്പുകൾക്ക് എല്ലാം എഥനോൾ ഫാക്ടറി ലൈസൻസ് തുടക്കം തന്നെ ലഭിച്ചു. ജനം അറിയാതെ കലര്‍പ്പ് പൂര്‍ത്തിയാക്കി മുന്നേറുകയാണ്. പക്ഷേ ഈ ഘട്ടം എത്തിയപ്പോൾ രാജ്യത്തെ എഥനോൾ ഉത്പാദനം ആവശ്യമായതിലും അധികമായി.


ആവശ്യത്തിലധികം ഉൽപ്പാദനശേഷി കെട്ടിപ്പടുത്തതിലൂടെ രാജ്യത്തെ എഥനോൾ നിർമ്മാണ മേഖലയിൽ 700 കോടി ലിറ്ററിന്റെ താൽക്കാലിക അമിതശേഷി രൂപപ്പെട്ടതായി കണക്കുകൾ പുറത്തു വന്നിരിക്കയാണ്. വലിയ തോതിൽ ബാങ്ക് വായ്പയെടുത്ത് നിക്ഷേപം നടത്തിയ ചെറുകിട ഡിസ്റ്റിലറികൾ ഇതോടെ എന്തുചെയ്യണം എന്നറിയാത്ത നിലയിലാണ്.


രാജ്യത്തെ 370-ഓളം പ്ലാന്റുകളിലായി നിലവിൽ 2,000 കോടി ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ധന മിശ്രിതത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമായി പ്രതിവർഷം 1,300 കോടി ലിറ്റർ മാത്രമാണ് നിലവിൽ രാജ്യത്ത് ആവശ്യം വരുന്നത്. 700 കോടി ലിറ്ററിന്റെ അധിക ശേഷിയാണ് ഇപ്പോൾ പ്ലാന്റുകൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാവുന്നത്. ഇവ എന്തു ചെയ്യുമെന്ന് പല ചര്‍ച്ചകളുണ്ട്.


എന്തായാലും കലര്‍പ്പ് താത്പര്യങ്ങൾക്ക് കൂട്ടുനിന്നവരെ സര്‍ക്കാര്‍ കയ്യൊഴിയുകയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായ ഇ-30 പ്രഖ്യാപിച്ചു കഴിഞ്ഞു. എഥനോളിനനുസരിച്ച് പെട്രോളിലെ കലര്‍പ്പ് കൂട്ടുക എന്ന നയമാണ് ഉറപ്പുനൽകിയിട്ടുള്ളത്.


ന്യായങ്ങൾ സിമ്പിൾ

ആദ്യം നിരസിച്ചത് ഭൂട്ടാൻ


പെട്രോളിയം ഇറക്കുമതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗം എന്നാണ് എഥനോൾ മിശ്രണത്തിനുള്ള ന്യായീകരണം. സാധാരണ പെട്രോളിൽ നിന്നും വ്യത്യസ്തമായി 20% എഥനോളും 80% പെട്രോളും അടങ്ങിയതാണ് ഇ20 ഇന്ധനം.


ആദ്യമായി ഇത് നിരസിച്ചത് അയൽ രാജ്യമായ ഭൂട്ടാനാണ്. അവര്‍ പെട്രോളിന് പൂര്‍ണമായും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ്. സാധാരണ പെട്രോൾ ലഭ്യമാകുന്നിടത്തോളം കാലം തങ്ങൾക്ക് അത് തന്നെ നൽകണമെന്ന് ഭൂട്ടാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. എഥനോൾ മിശ്രിതത്തിന്റെ അളവ് കൂട്ടാനോ പൂർണ്ണമായും എഥനോൾ ഇന്ധനത്തിലേക്ക് മാറാനോ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ ഭൂട്ടാന് മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് വരെ അവര്‍ കടത്തി പറഞ്ഞു.


നിലവിൽ ഉയർന്ന കയറ്റുമതി ഗുണനിലവാരമുള്ള (Higher-export quality) പെട്രോളും ഡീസലുമാണ് ഭൂട്ടാൻ വാങ്ങുന്നത്. ഇതിന് ഇന്ത്യൻ പെട്രോൾ പമ്പുകളിൽ ലഭിക്കുന്ന ഇന്ധനത്തേക്കാൾ വില കൂടുതലാണ്. ഇന്ത്യൻ എണ്ണക്കമ്പനികളായ ഐഒസിഎൽ ബിപിസിഎൽ എച്ച്പിസിഎൽ എന്നിവർ മുന്നോട്ടുവെച്ച ഇ20 ഓഫറിനോട് ഭൂട്ടാൻ വാണിജ്യ മന്ത്രാലയം പൂർണ്ണമായും വിയോജിക്കുകയായിരുന്നു.


ഭൂട്ടാനിലെ ആശങ്ക

ഇന്ത്യയിൽ സംഭവിക്കുമ്പോൾ


20% എഥനോളും 80% പെട്രോളും അടങ്ങിയതാണ് ഇ20 ഇന്ധനം. ഇതിലടങ്ങിയിരിക്കുന്ന 'ഹൈഡ്രോക്സിൽ ഗ്രൂപ്പ്' ഘടകങ്ങൾ ഇന്ധനത്തിന് 'ഹൈഗ്രോസ്കോപിക്' സ്വഭാവം നൽകും. ഇത് അന്തരീക്ഷത്തിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കും. എന്നാൽ ശുദ്ധമായ പെട്രോൾ ഇങ്ങനെ വെള്ളം വലിച്ചെടുക്കില്ല.


ഇ20 ഇന്ധനത്തിലേക്ക് വെള്ളം കലർന്നാൽ അവ പിന്നീട് വേർതിരിക്കുക എളുപ്പമല്ല. ഇത് സ്റ്റീൽ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും തുരുമ്പെടുക്കലിന് കാരണമാവുകയും ദീർഘകാലാടിസ്ഥാനത്തിൽ വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുകയും ചെയ്യും. ഭൂട്ടാനിലെ ഇന്ധന സംഭരണ ടാങ്കുകൾ ഭൂരിഭാഗവും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ പഴയതായതിനാൽ ടാങ്കുകളിലേക്ക് വെള്ളം ചോർന്നിറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.


ഇന്ത്യ അബദ്ധത്തിൽ ഇ20 ഇന്ധനം ഭൂട്ടാനിലേക്ക് അയച്ചാൽ അത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് വാര്‍ത്ത പുറത്തു വിട്ട 'ദി ഭൂട്ടാനീസ്' പത്രം ചൂണ്ടികാട്ടുകയുണ്ടായി. നേരിയ തോതിൽ വെള്ളം കലർന്നാൽ പോലും ഇ20 ഇന്ധനത്തിന്റെ നിറം പാലിന് സമാനമായി മാറും. എളുപ്പം തിരിച്ചറിയാം എന്നാണ് പത്രം അവിടത്തെ പൗരൻമാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്. ഈ ജൈവമിശ്രിത ഇന്ധനത്തിന് ക്ഷമത കുറവായിരിക്കും. ഭൂട്ടാന്റെ കുത്തനെയുള്ള മലയോര പാതകളിലൂടെയുള്ള യാത്രയ്ക്ക് വാഹനങ്ങൾക്ക് പരമാവധി കരുത്ത് ആവശ്യമാണ്. ഇ20 പെട്രോൾ ഇത്തരം മലയോര മേഖലകളിൽ വാഹനങ്ങൾക്ക് സ്ഥിരതയാർന്ന പ്രകടനം നൽകില്ലെന്നും വിശദീകരിക്കപ്പെട്ടു.


ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കാതെ എല്ലാ വാഹനങ്ങൾക്കും മേഖലകൾക്കും ഒരേ ഇന്ധന നയം (One-size-fits-all model) പ്രായോഗികമല്ലെന്നാണ് ഭൂട്ടാൻ പോലുളള രാജ്യങ്ങളുടെ പ്രതികരണത്തിൽ നിന്നും ഉയര്‍ന്നു വരുന്നത്.


കലര്‍പ്പ് വര്‍ധിപ്പിക്കാൻ തുടങ്ങി

കോടതിയിൽ മാറ്റി പറഞ്ഞു


ഇന്ത്യ 25% എഥനോൾ അടങ്ങിയ ഇ25 (E25) പെട്രോളിന്റെ പരീക്ഷണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ, ഇ20 നയം ഒരു "പരീക്ഷണം" മാത്രമാണെന്നും ഇതിന്റെ ഫലം അടുത്ത വർഷമേ അറിയാൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.


കലര്‍പ്പ് പെട്രോൾ മുഴുവൻ രാജ്യത്തും നിര്‍ബന്ധമാക്കിയ ശേഷമാണ് പരീക്ഷണം മാത്രം എന്ന് കോടതിയിൽ ബോധിപ്പിച്ചത്. ഈ വലിയ തള്ളൽ വിവാദമായതോടെ സർക്കാര്‍ പ്രസ്താവന നിഷേധിച്ചു. പക്ഷേ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല. കള്ളം പൊളിച്ചു. അറ്റോർണി ജനറൽ കോടതിയിൽ ഇതേ വാദം ഉന്നയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


ethnol

"എഥനോൾ മിശ്രിണ പദ്ധതി (EBP) നടപ്പിലാക്കുന്നത് പെട്രോളിയം മന്ത്രാലയമാണ്, താനല്ല. എഥനോളിന്റെ വില നിശ്ചയിക്കുന്നത് കേന്ദ്ര കാബിനറ്റാണ്. വ്യാജ പ്രചാരണങ്ങൾക്കും വാര്‍ത്തകൾക്കും എതിരെ കോടതിയെ സമീപിക്കും" എന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യത്തിൽ പ്രതികരിച്ചത്. മാത്രമല്ല ഇദ്ദേഹം പാര്‍ലമെന്റിലും ഒരു ഘട്ടത്തിൽ സത്യം പറഞ്ഞു. E20 ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ 2% മുതൽ 6% വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കി.


2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച ഭൂരിഭാഗം വാഹനങ്ങളും E10 (10% എഥനോൾ) വരെ മാത്രം താങ്ങാൻ ശേഷിയുള്ളതാണ്. അത്തരം പഴയ എഞ്ചിനുകളിൽ E20 ഉപയോഗിക്കുന്നത് റബ്ബർ ഹോസുകൾ, ഗാസ്കറ്റുകൾ, ഫ്യുവൽ പമ്പുകൾ എന്നിവയിൽ തേയ്മാനത്തിന് വഴിവെച്ചേക്കാമെന്ന് സമ്മതിച്ചു. വാഹന നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ ഇതേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഉപഭോക്താക്കൾക്ക് പമ്പുകളിൽ സാധാരണ പെട്രോൾ തെരഞ്ഞെടുക്കാനുള്ള ബദൽ സംവിധാനം നൽകുക എന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നു.


അനുഭവം സാക്ഷി


എഥനോൾ മിശ്രിതം കാരണം മൈലേജിൽ 15% മുതൽ 20% വരെ കുറവുണ്ടായതായി ലോക്കൽ സർക്കിൾസ് (LocalCircles) നടത്തിയ സർവേയിൽ 44,000-ത്തിലധികം വാഹന ഉടമകൾ വ്യക്തമാക്കി.


എഥനോളിന്റെ ഊർജ്ജ സാന്ദ്രത (Calorific Value) ശുദ്ധമായ പെട്രോളിനേക്കാൾ 33 ശതമാനം കുറവാണ്. 20% എഥനോൾ ചേർത്ത ഇന്ധനം കത്തുമ്പോൾ, സാധാരണ പെട്രോളിനെ അപേക്ഷിച്ച് മൊത്തത്തിൽ 6.7% കുറവ് ഊർജ്ജം മാത്രമേ ലഭിക്കൂ. നീതി അയോഗ് റിപ്പോര്‍ട് ഇതിന് അടിവരയിട്ടു.


പഴയ 4 വീലറുകളിൽ: 6% മുതൽ 7% വരെ മൈലേജ് കുറവ് രേഖപ്പെടുത്തി. ടൂ വീലറുകളിൽ 3% മുതൽ 4% വരെ മൈലേജ് കുറവും കണ്ടെത്തി. E20 അനുയോജ്യമായ പുതിയ വാഹനങ്ങളിൽ പോലും: 1% മുതൽ 2% വരെ മൈലേജ് കുറവ് എന്നിങ്ങനെയും കണക്കുകൾ പുറത്തുവന്നു.


ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള

അവകാശം നിഷേധിച്ചു


എഥനോൾ മിക്സിങ്ങിനെ നേട്ടമായാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 2030-ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ട 20% എഥനോൾ മിശ്രണം 2025 ജൂലൈയിൽ അഞ്ചു വർഷം മുമ്പേ തന്നെ കൈവരിച്ചു. ഇനിയും മിശ്രണത്തിന്റെ അളവ് കൂട്ടുകയാണ്.


എഥനോൾ കലര്‍പ്പ് നടപ്പാക്കുക വഴി ക്രൂഡ് ഓയിൽ ഇറക്കുമതി ബില്ലിൽ ഗവൺമെന്റ് കോടികളുടെ ലാഭമുണ്ടാക്കിയപ്പോൾ, ഇന്ധനക്ഷമത കുറഞ്ഞതുമൂലമുള്ള സാമ്പത്തിക ഭാരം മുഴുവൻ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലായി. ഇന്ധന വില കുറച്ചില്ല എന്നു മാത്രമല്ല യുദ്ധത്തിന്റെ പേരിൽ വര്‍ധിപ്പിക്കയും ചെയ്തു.


ജനങ്ങളുടെ വിയര്‍പ്പ് ഊറ്റിയത്


മൈലേജ് കുറഞ്ഞതോടെ ജനങ്ങൾക്ക് 2023 ഏപ്രിൽ - 2026 മാർച്ച് വരെ മൂന്ന് വര്‍ഷത്തിനിടെ 65.7 ലക്ഷം മെട്രിക് ടൺ അധിക ഇന്ധനം ഉപയോഗിക്കേണ്ടി വന്നു. കുറഞ്ഞ മൈലേജ് നികത്താൻ ഇന്ധനം കൂടുതലായി അടിച്ച ഇനത്തിൽ ജനങ്ങൾക്ക് 88,234 കോടി രൂപ അധികമായി ചെലവായി. കഴിഞ്ഞ ഒരു വർഷ കാലത്ത് മാത്രം ജനങ്ങൾക്ക് ഇങ്ങനെ നഷ്ടമായത് 37,843 കോടി രൂപയാണ്.


എഥനോളിന് ഊർജ്ജക്ഷമത കുറവായതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ എഥനോൾ അധിഷ്ഠിത ഇന്ധനങ്ങൾക്ക് സബ്സിഡിയും കുറഞ്ഞ വിലയും നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ E20 ഇന്ധനത്തിനും സാധാരണ പെട്രോളിന്റെ അതേ വിലയാണ് ഈടാക്കുന്നത്.




















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home