"ഭർത്താവ് ജീവനോടെയുണ്ട്": ഹോർമുസിന് സമീപം 'മരിച്ച' നാവികന്റെ ഭാര്യ സുപ്രീം കോടതിയിൽ

മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ
ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മരിച്ചുവെന്ന് കരുതപ്പെട്ടിരുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ഭർത്താവ് വിദേശത്ത് അനധികൃത തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ അൻഷു സുപ്രീം കോടതിയിൽ പറഞ്ഞു.
2026 മാർച്ച് 1-ന് ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന 'സ്‌കൈ ലൈറ്റ്' എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം ഉണ്ടായി. തുടർന്ന് കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ ജീവനക്കാരിൽ 8 പേരെ ഒമാൻ അധികൃതർ രക്ഷപ്പെടുത്തി. എഞ്ചിൻ മുറിയിലുണ്ടായിരുന്ന ബിഹാർ സ്വദേശി ക്യാപ്റ്റൻ ആശിഷ് കുമാറും (37) ദിലീപ് എന്ന ജീവനക്കാരനും കാണാതായി.
മാർച്ച് 4-ന് ക്യാപ്റ്റന്റെ മുറിയിൽ നിന്ന് ഒമാൻ കോസ്റ്റ് ഗാർഡ് കണ്ടെത്തിയ കത്തിക്കരിഞ്ഞ അസ്ഥിഭാഗങ്ങൾ ക്യാപ്റ്റന്റേതാണെന്ന് അധികൃതർ വ്യക്തമാക്കി. ആശിഷ് കുമാറിന്റെ സഹോദരന്റെ സാമ്പിളുകളുമായി നടത്തിയ ഡി എൻ എ പരിശോധനയിൽ ഈ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റേതല്ലെന്ന് വ്യക്തമായിരുന്നു. കണ്ടെത്തിയ അസ്ഥിഭാഗങ്ങളിൽ മനുഷ്യന്റെ ഡി എൻ എ ഫലം ലഭിച്ചില്ലെന്ന് റോയൽ ഒമാൻ പോലീസിന്റെ ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കി. മേയ് 15-ന് ഇന്ത്യൻ എംബസി ഈ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം ആക്രമണം നടന്ന് മൂന്ന് മണിക്കൂറിന് ശേഷവും ആശിഷ് കുമാറിന്റെ രണ്ടാമത്തെ ഫോണിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം ഫോണിൽ ലഭിച്ചുവെന്നും ഇത് ആക്രമണത്തെ, ഫോൺ അതിജീവിച്ചു എന്നതിന്റെ തെളിവാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മാർച്ച് 4ന് വിവിധ നമ്പറുകളിൽ നിന്ന് കുടുംബത്തിന് ഫോൺ കോളുകൾ ലഭിച്ചുവെന്നും ക്യാപ്റ്റൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ 20 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും ഭാര്യ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലൂടെ നയതന്ത്ര, രഹസ്യാന്വേഷണ മാർഗങ്ങൾ ഉപയോഗിച്ച് ക്യാപ്റ്റൻ ആശിഷ് കുമാറിനെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.










0 comments