ഹരിയാനയിൽ ട്രക്ക് ബൈക്കിലിടിച്ച് നാല് മരണം; മൂന്നുപേർ കുട്ടികൾ

പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഹരിയാനയിലെ നുഹിൽ അമിതവേഗത്തിൽ വന്ന ട്രക്ക് ബൈക്കിലിടിച്ച് നാല് മരണം. മൂന്നു കുട്ടികളും അവരുടെ അച്ഛനുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 'അമ്മ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നുഹിലെ ടൗറു റോഡിലെ മരിയ മൻസിൽ സ്കൂളിന് സമീപമാണ് സംഭവം.
പദ്‌ല ഗ്രാമവാസിയായ സാബിർ (32), മക്കളായ സിഗ്ര, ഫാത്തിമ, സഹോദരീഭർത്താവ് കിഫായത്തിന്റെ മകൾ ഗസാല എന്നിവരാണ് മരിച്ചത്. സാബിറിന്റെ ഭാര്യ നസ്രീം ആശുപത്രിയിലാണ്. അഞ്ചുപേരും ഒരേ ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. അമിതവേഗത്തിൽ വന്ന ട്രക്ക് ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നസ്രീം ദൂരേക്ക് തെറിച്ചുവീണിരുന്നു. ഇടിച്ചിട്ടും നിർത്താതെ ട്രക്ക് ബൈക്കിനെ ഏറെദൂരം വലിച്ചിഴച്ചു. ഈ സമയത്ത് ചക്രങ്ങൾക്കിടയിൽപ്പെട്ടാണ് നാലുപേരും മരിച്ചത്.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ചശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്നും ഇയാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments