സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

സൂര്യ കൃഷ്ണമൂർത്തി
തിരുവനന്തപുരം: കലാസംഘാടകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യൂമോണിയ അടക്കമുള്ള രോഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.
കലാരംഗത്ത് വലിയ സംഭാവനകൾ നൽകിയ സൂര്യ കൃഷ്ണമൂർത്തിയുടെ വിടവാങ്ങൽ സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്. കലാകൂട്ടായ്മയായ 'സൂര്യ'യുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് വിടചൊല്ലിയത്. നാടകരചയിതാവ്, സാംസ്‌കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു. മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിനൊപ്പം സൂര്യ കൃഷ്ണമൂർത്തി ജോലി ചെയ്തിട്ടുണ്ട്.
മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) തുടങ്ങിയ നാടകങ്ങൾ അദേഹത്തിന്റെ രചനകളാണ്. ഇതിൽ അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെടുകയും, പിന്നീട് ഇതേ പേരിൽ സിനിമയാവുകയും ചെയ്തു. ആ ചിത്രത്തിന് തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തിയാണ്.
കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ ജനപ്രിയമായതും അദേഹത്തിന്റെ കൈകളിലൂടെയാണ്. കേരള സർക്കാരിന്റെ ഉയർന്ന പുരസ്കാരങ്ങളിലൊന്നായ 'കേരള പ്രഭ' (2023), കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്.








0 comments