അയോദ്ധ്യ സംഭാവന കൊള്ള; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 7000 പേജുള്ള കുറ്റപത്രമാണ് സംഘം കോടതിയിൽ സമർപ്പിച്ചത്. ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ കുറ്റപത്രത്തിലില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
105 ലധികം മോഷണങ്ങളാണ് സിസിടിവി പരിശോധനയിലൂടെ കണ്ടെത്തിയതെന്നാണ് എസ്ഐടിയുടെ വെളിപ്പെടുത്തൽ. അയോദ്ധ്യ സംഭവനത്തട്ടിപ്പിൽ എട്ടോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചമ്പത് റായ് ഉൾപ്പടെ മൂന്നുപേരാണ് ട്രസ്റ്റിന്റെ നേതൃസ്ഥാനത്ത് നിന്ന് രാജി വച്ച് പുറത്തുപോയത്.
തട്ടിപ്പിന് ഇടയാക്കിയ ഗുരുതര സുരക്ഷാവീഴ്‌ചകൾ, പ്രതികളുടെ ദുരൂഹമായ സാന്പത്തിക ഇടപാട്, ഭൂമി വാങ്ങൽ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്. ട്രസ്‌റ്റ് ഭാരവാഹികളെയും അംഗങ്ങളെയും കാണിക്ക നിക്ഷേപിച്ചിരുന്ന ബാങ്കിന്റെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.
രാമക്ഷേത്രത്തിലെ തട്ടിപ്പിൽ കാണിക്ക എണ്ണിയ ജീവനക്കാരിൽ മാത്രമാണ് എസ്‌ഐടി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നതെന്ന ആക്ഷേപവും അന്വേഷണസമയത്ത് ശക്തമായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ട്രസ്റ്റ് ഭാരവാഹികളുടെ പേരുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത്. അന്വേഷണം ഏതെങ്കിലും തരത്തിൽ ട്രസ്റ്റ് ഭാരവാഹികളെ പിന്താങ്ങുന്ന തരത്തിൽ നടന്നിട്ടുണ്ടോ എന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.









0 comments