ഹിറ്റടിച്ച് കറുത്ത പൊന്ന്; കുരുമുളക് ചരിത്രത്തിലെ ഉയർന്ന വിലയിൽ

തൊടുപുഴ : കർഷകർക്ക് പ്രതീക്ഷയേകി സംസ്ഥാനത്ത് കുരുമുളക് വില റെക്കോർഡ് ഉയരത്തിൽ. കിലോയ്ക്ക് 750 രൂപയും ക്വിന്റലിന് 75000 രൂപ വരെയുമാണ് വില. തുലാമഴയിൽ വില അൽപ്പം കുറഞ്ഞ് കിലോഗ്രാമിന് 710 രൂപയായെങ്കിലും പഴയ ഇനത്തിന് വില കൂടുമെന്ന പ്രതീക്ഷയിലാണ് കുരുമുളക് സൂക്ഷിപ്പുകാരായ പരമ്പരാഗത കർഷകർ. വില ഉയർന്ന് 75,000 എത്തിയ ഘട്ടത്തിൽ സ്വർണത്തിനെന്നതുപോലെ തുക ഒരു ലക്ഷം കടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇനിയും വില ഉയർന്നേക്കാനുമുള്ള സാധ്യതയുണ്ട്.
ചെറുകിട വ്യാപാരികളും സൊസൈറ്റികളും കർഷകരിൽ നിന്ന് 748 രൂപയ്ക്കാണ് കുരുമുളക് വാങ്ങുന്നത്. സ്റ്റോക്ക് വെപ്പുകാരും മസാല കമ്പനികളും 760 രൂപ വരെ നൽകുന്നുണ്ട്. ഇടുക്കി ഹൈറേഞ്ചിലെ ഉയർന്ന ഗുണമേന്മയുള്ള കുരുമുളകിന് കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ അധികം ലഭിക്കുന്നുണ്ട്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും വ്യാപാരികളും ഉൽപന്നം വിപണിയിലെത്തിക്കുന്നത് കുറച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്ത് 250–270 രൂപയിലേക്ക് താഴ്ന്ന വിലയാണ് ഇപ്പോൾ 750 രൂപയിലെത്തിയത്.
സെപ്തംബറിൽ കിലോയ്ക്ക് 700 മുതൽ 710 രൂപവരെയായിരുന്ന പ്രാദേശിക വിപണിവിലയാണ് ഒക്ടോബർ അവസാനത്തോടെ 745 രൂപയിലെത്തിയത്. വിദേശത്തുനിന്നുള്ള കുരുമുളക് വരവ് കുറഞ്ഞതും വിലവർധനയ്ക്ക് കാരണമായി. നല്ല വിളവാണ് ഇത്തവണ കുരുമുളക് തോട്ടങ്ങളിൽ. കനത്ത കതിരുകളുണ്ട്. ഇതേവരെ കതിർ പൊഴിച്ചിലും രോഗബാധയും മലയോരത്ത് താരതമ്യേന കുറവുമാണ്. ഇതേ മട്ടിൽ സീസൺ തുണച്ചാൽ ആറളം ഫാമിലും ചെറുകിട, ഇടത്തരം, നാമമാത്ര കർഷകർക്കും കുരുമുളക് വരുമാനം അൽപ്പം ആശ്വാസമാകും.
കൊച്ചി വിപണിയിലും കുരുമുളകിന് മികച്ച വില ലഭിക്കുന്നുണ്ട്. ഒക്ടോബർ 28ന് കൊച്ചി വിപണിയിൽ അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 745 രൂപവരെ വില രേഖപ്പെടുത്തിയിരുന്നു. കുരുമുളകിന്റെ ഗുണനിലവാരം, വൃത്തിയാക്കൽ, വിപണി എന്നിവ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. നിലവിലെ മൊത്തവിപണി കണക്കുകൾ പ്രകാരം കേരളത്തിലെ അഞ്ച് വിപണികളിൽ രേഖപ്പെടുത്തിയ സാധാരണ ഇടപാട് വില ക്വിന്റലിന് 72,500 രൂപയാണ്. കിലോയ്ക്ക് 725 രൂപ. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വിപണിയിൽ ഉയർന്ന ഗുണനിലവാര വിഭാഗത്തിലെ കുരുമുളകിന് ക്വിന്റലിന് 85,000 രൂപയാണ് രേഖപ്പെടുത്തിയത്. പരമാവധി 90,000 രൂപവരെയുള്ള നിരക്കും റിപ്പോർട്ട് ചെയ്തു. അതേസമയം കണ്ണൂർ വിപണിയിൽ ക്വിന്റലിന് 68,500 രൂപയായിരുന്നു വില.
300 തൊട്ട് റബർ
ചരിത്രത്തിലാദ്യമായി റബർ വിലയും കിലോയ്ക്ക് 300 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ആർഎസ്എസ് -4 ഗ്രേഡ് റബറിന്റെ വിലയാണ് വിപണിയിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. റബർ ബോർഡിന്റെ ഔദ്യോഗിക വിലയേക്കാൾ ഉയർന്ന നിരക്കിൽ ഓപ്പൺ മാർക്കറ്റിലെ വ്യാപാരികൾ കർഷകരിൽനിന്ന് നേരിട്ട് റബർ വാങ്ങിയതോടെയാണ് വില 300 കടന്നത്. ഈ വർഷം ജനുവരിയിൽ ശരാശരി 192 രൂപയായിരുന്ന വിലയിൽനിന്ന് ഒന്പത് മാസത്തിനിടെ 108 രൂപയോളമാണ് വർധിച്ചത്. ഇരിട്ടിയിൽ 296 രൂപയാണ് റബർ വില.
തുടർച്ചയായ മഴയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ടാപ്പിങ് തടസ്സപ്പെടുകയും വിപണിയിലേക്ക് റബറിന്റെ വരവ് ഗണ്യമായി കുറയുകയും ചെയ്തതാണ് ഇപ്പോൾ പ്രകടമാകുന്ന വിലയ്ക്ക് കാരണം. വരും മാസങ്ങളിൽ മഴ കുറഞ്ഞ് ടാപ്പിങ് സജീവമായാൽ മാത്രമേ റബർ ക്ഷാമത്തിന് നേരിയ ശമനമുണ്ടാവുകയുള്ളൂ. അതുവരെ വിപണി ശക്തമായി തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്.








0 comments