'ലിട്ടി ചോഖ'യ്ക്ക് പിന്നാലെ 'ബീഫ്' കണ്ട് 'ഹൃദയം തകര്‍ന്ന്' യുവാവ്; കമന്റില്‍ ബീഫ് ഫ്രൈ റെസിപ്പിയുമായി മലയാളികൾ

ബീഫ് വിൽപ്പനയ്ക്കെതിരെ പോസ്റ്റിട്ട സഞ്ജയ് ശർമ (ഇടത്), കഴിഞ്ഞമാസം വർഗീയപരാമർശം നടത്തിയ 'ലിട്ടി ചോഖ' വ്ലോഗർ അമൃത് സിങ് ഡാരൻ (വലത്).
കൊച്ചി: ബീഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ വ്ലോഗർ അമൃത് സിങ് ഡാരന്‍ പിന്നാലെ, കേരളത്തിൽ ബീഫ് വിൽക്കുന്നതിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി മറ്റൊരു ഉത്തരേന്ത്യൻ യുവാവ്. രാജസ്ഥാൻ സ്വദേശി സഞ്ജയ് ശർമയാണ് കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ ബീഫ് വിൽക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെട്ട് രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ പരിഹാസവും വിമർശനവുമായി മലയാളികൾ രംഗത്തെത്തി.
കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ ബീഫ് വിഭവങ്ങൾ വിൽക്കുന്നത് കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നാണ് സഞ്ജയ് ശർമയുടെ പ്രതികരണം. വഴിയോരത്തെ ഭക്ഷണശാലയുടെ ചിത്രവും യുവാവ് പങ്കുവച്ചു. പശുവിനെ പരിശുദ്ധമായി കാണുകയും ഹൈന്ദവ പാരമ്പര്യത്തിൽ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യത്ത് ഇത്തരത്തിൽ പരസ്യമായി ബീഫ് വിൽക്കുന്നത് വേദനാജനകമാണെന്നും യുവാവ് കുറിച്ചു. രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഗൗരവമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ യുവാവിന്റെ പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. കേരളത്തിൽ എന്ത് ഭക്ഷണം കഴിക്കണമെന്ന് മലയാളികൾ തീരുമാനിക്കുമെന്നും മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും നിരവധി പേർ പ്രതികരിച്ചു. ബീഫ് വിഭവങ്ങളുടെ പേരുകൾ നിരത്തിയും പാചകക്കുറിപ്പുകൾ പങ്കുവച്ചുമായിരുന്നു ചിലരുടെ പരിഹാസം. കേരളത്തിൽ ജീവിക്കുന്ന സസ്യാഹാരികൾക്കുപോലും മറ്റുള്ളവർ ബീഫ് കഴിക്കുന്നതിൽ പ്രശ്നമില്ലെന്ന് ചൂണ്ടിക്കാട്ടിയും പ്രതികരണങ്ങളുണ്ടായി.
'ബീഫ് പശുവല്ല', 'ബീഫ് കഴിച്ചുകൊണ്ടാണ് ഈ പോസ്റ്റ് വായിക്കുന്നത്' തുടങ്ങിയ കമന്റുകളാണ് കൂടുതലും. ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, ചില്ലി ബീഫ്, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ ബീഫ് വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെ ചിലർ പങ്കുവച്ചു. ബീഫ് പാചകം ചെയ്യുന്നതിനുള്ള ചേരുവകളും തയ്യാറാക്കുന്ന രീതിയും വിശദീകരിച്ചും പ്രതികരണങ്ങളുണ്ടായി.
കഴിഞ്ഞ ഒക്ടോബറിൽ ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെതിരെ വർഗീയ പരാമർശം നടത്തിയ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. 'ലിട്ടി ചോഖ' എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച ഡാരൻ, കഫേയിൽ ബീഫ് വിളമ്പുന്നതിനെ വിമർശിച്ചിരുന്നു. ഫോർട്ട് കൊച്ചിയിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ഇയാൾ ഉന്നയിച്ചു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ 353(2), 192 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഈ വിവാദം കെട്ടടങ്ങുംമുമ്പാണ് കൊച്ചിയിലെ ബീഫ് വിൽപ്പന ചൂണ്ടിക്കാട്ടി സഞ്ജയ് ശർമയുടെ പോസ്റ്റും ചർച്ചയാകുന്നത്. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായാണ് സമൂഹമാധ്യമങ്ങളിൽ പലരും പോസ്റ്റിനെ വിമർശിക്കുന്നത്.








0 comments