ഓൺലൈൻ ടാക്സിയിൽ മുൻകൂർ ടിപ് നൽകുന്നത് തടഞ്ഞു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: ഓൺലൈൻ ടാക്സി ബുക്കിങ്ങിനിടെ യാത്രക്കാരിൽനിന്ന് മുൻകൂറായി ടിപ് ആവശ്യപ്പെടുന്ന രീതിക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. യാത്ര ആരംഭിക്കുന്നതിനുമുമ്പ് അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന സംവിധാനം ഉടൻ അവസാനിപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും അന്യായമായ വ്യാപാരരീതിയുമാണ് ഇത്തരം നടപടികളെന്ന് സിസിപിഎ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നടപടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ടാക്സി ബുക്ക് ചെയ്യുമ്പോൾ വേഗത്തിൽ വാഹനം ലഭിക്കണമെങ്കിൽ അധിക തുക നൽകണമെന്ന് യാത്രക്കാരെ വിശ്വസിപ്പിക്കുന്ന സംവിധാനമാണ് ഓലയുടെ ആപ്പിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ കണ്ടെത്തുന്നതിനിടെ ടിപ് നൽകിയാൽ യാത്ര വേഗത്തിൽ സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യത വർധിക്കുമെന്ന സന്ദേശം ആപ്പിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അധിക പണം നൽകിയാൽ വാഹനം വേഗത്തിൽ ലഭിക്കുമെന്ന് ഉറപ്പുനൽകാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് അതോറിറ്റി കണ്ടെത്തി.
യാത്ര പൂർത്തിയായശേഷം സേവനത്തിൽ സംതൃപ്തരായ യാത്രക്കാർ സ്വന്തം ഇഷ്ടപ്രകാരം നൽകേണ്ടതാണ് ടിപ്. എന്നാൽ യാത്ര ആരംഭിക്കുന്നതിനുമുമ്പുതന്നെ ടിപ് ആവശ്യപ്പെടുന്നത് സ്വമേധയാ നൽകേണ്ട പ്രതിഫലത്തെ നിർബന്ധിത അധിക പണമടയ്ക്കലിന് സമാനമാക്കുന്നതാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. ടിപ് എന്നതിന് പകരം 'ആഡ് ഓൺ' എന്ന് പേര് മാറ്റിയതുകൊണ്ട് നടപടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി.
2025 മെയ് മാസത്തില് 10 മുതൽ 40 രൂപവരെയായിരുന്നു ആപ്പിൽ നിർദേശിച്ചിരുന്ന അധിക തുക. പിന്നീട് ഇത് 140 രൂപവരെയായി ഉയർന്നു. പരമാവധി 499 രൂപവരെ അധികമായി നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വാഹനം ലഭിക്കുന്നതിനുള്ള നിരക്കിൽ തിരക്കുസമയത്തെ അധിക ചാർജും ഡ്രൈവർ യാത്രക്കാരന്റെ അടുത്തെത്താനുള്ള ദൂരവും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരോടും ഇത്തരത്തിൽ അധിക തുക ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. രോഗികൾ, വയോധികർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ, രാത്രിയിൽ വാഹനം തേടുന്നവർ തുടങ്ങിയവർക്ക് ഇത്തരം സമ്മർദങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതോറിറ്റി വിലയിരുത്തി.
2025ലെ മോട്ടോർ വാഹന അഗ്രിഗേറ്റർ മാർഗനിർദേശങ്ങളിലെ 14.15 വ്യവസ്ഥപ്രകാരം യാത്ര പൂർത്തിയായശേഷം മാത്രമേ ടിപ് നൽകാനുള്ള സൗകര്യം ലഭ്യമാക്കാവൂ. യാത്ര ബുക്ക് ചെയ്യുമ്പോഴോ യാത്രയ്ക്കിടയിലോ ടിപ് ആവശ്യപ്പെടാൻ പാടില്ല. ടിപ് നൽകിയാൽ അതിന്റെ മുഴുവൻ തുകയും ഡ്രൈവർക്ക് ലഭിക്കണമെന്നും വ്യവസ്ഥയുണ്ട്. ഓഗസ്റ്റ് 11ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടും ഒല മുൻകൂർ ടിപ് ആവശ്യപ്പെടുന്ന സംവിധാനം തുടർന്നതായി കണ്ടെത്തി.
ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കാൻ ആപ്പിന്റെ രൂപകൽപ്പനയും സന്ദേശങ്ങളും ഉപയോഗിക്കുന്ന 'ഡാർക്ക് പാറ്റേൺ' രീതിയും ഒല പിന്തുടർന്നതായി അതോറിറ്റി കണ്ടെത്തി. അധിക തുക നൽകാത്തവർക്ക് യാത്ര ലഭിക്കാൻ പ്രയാസമുണ്ടാകുമെന്ന തോന്നലുണ്ടാക്കുന്ന ഇത്തരം സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കാനാണ് നിർദേശം.
സമാനമായ ക്രമക്കേടുകളുടെ പേരിൽ റാപ്പിഡോയ്ക്കും നേരത്തെ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 'ഉബർ', 'നമ്മ യാത്രി' എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരായ അന്വേഷണം തുടരുകയാണ്. ഓൺലൈൻ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പരാതികൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ നമ്പറായ 1915ൽ അറിയിക്കാമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.








0 comments