ഭാരത് സമ്മിറ്റ്; 115 വിദേശപ്രതിനിധികൾക്ക് പ്രവേശനവിലക്ക്, വിസ അനുവദിച്ചില്ലെന്ന് ആരോപണം

ന്യൂഡൽഹി : ഹൈദരാബാദിൽ നടക്കുന്ന ഭാരത് സമ്മിറ്റിൽ പങ്കെടുക്കാനിരുന്ന 115 വിദേശപ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 315 പ്രഭാഷകരിൽ 115 പേർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പ്രവേശനം നിഷേധിച്ചതെന്നാണ് കോൺഗ്രസിന്റെ പരാതി. കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ സംഘടിപ്പിക്കുന്ന ദ്വിദിന ഭാരത് സമ്മിറ്റ് നവംബർ 13, 14 തീയതികളിലാണ് നടക്കുന്നത്.
എന്നാൽ വിസ അനുവദിക്കുന്നതും റദ്ദാക്കുന്നതും ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിൽപ്പെട്ട വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. വിമർശനശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.
നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്‌സന്റെ വിസ റദ്ദാക്കിയ സംഭവവും വിവാദത്തിന് കാരണമായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനിരുന്ന സ്വെൻഡ്‌സന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് അനുമതിയില്ലെന്ന അറിയിപ്പ് ലഭിച്ചത്. മേയിൽ നോർവേ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിനെക്കുറിച്ച് സ്വെൻഡ്‌സൻ ചോദിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അനുമതി നിഷേധിച്ചത്.








0 comments