Deshabhimani

ഉത്തരാഖണ്ഡിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; എബിവിപി നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

sexual assault rape
വെബ് ഡെസ്ക്

Published on Nov 14, 2026, 09:46 AM | 1 min read

ഹൽദ്വാനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ എബിവിപി വിദ്യാർഥി നേതാവ് ഉൾപ്പെടെ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ മുഖാനി പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു ക്രൂരമായ സംഭവം നടന്നത്.


പിടിയിലായ പ്രതികളിൽ ഒരാളായ ധീരജ് ബിഷ്ട് ഈ വർഷം എംബിപിജി കോളേജിൽ എബിവിപി സ്ഥാനാർഥിയായി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചയാളാണ്. നിതിൻ പാൽ, അൻഷ് ഖത്രി, ഹിമാൻഷു ഗോണി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. പ്രതികൾ നാലുപേരും നഗരത്തിലെ കുപ്രസിദ്ധമായ 'ഐടിഐ ഗ്യാങ്' അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.


വ്യാഴാഴ്ച രാത്രി വൈകിയാണ് പെൺകുട്ടിയുടെ കുടുംബം നൈനിറ്റാൾ ജില്ലയിലെ മുഖാനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാല് യുവാക്കൾ ചേർന്ന് തങ്ങളുടെ 16 വയസ്സുള്ള മകളെ ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.


പരാതി ലഭിച്ചയുടൻ പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ, പരാതി ലഭിച്ച് ആറ് മണിക്കൂറിനുള്ളിൽ തന്നെ നാല് പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മഞ്ജുനാഥ് ടി സിയുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ സുശീൽ ജോഷിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഇത്തരം കേസുകളിലെ പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്എസ്പി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home